ദേശീയ ഗെയിംസ്: സൈക്ലിനിംഗിന് കേരളത്തിന് സ്വര്‍ണം

തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ കേരളത്തിന് പതിനഞ്ചാം സ്വര്‍ണം. സൈക്ലിംഗ് വനിതാ വിഭാഗത്തില്‍ ഒന്നാമതെത്തി വി. രജനിയാണ് കേരളത്തിന് പതിനഞ്ചാം സ്വര്‍ണം സമ്മാനിച്ചത്. ഈ ഇനത്തില്‍ തന്നെ കേരളത്തിന്റെ അജ്ഞിത ടി.സി വെള്ളിയും നേടി.

അതേസമയം, ദേശീയ ഗെയിംസില്‍ നീന്തല്‍ മത്സരങ്ങള്‍ ഇന്ന് സമാപിക്കും. 100 മീറ്റര്‍ ഫ്രീ സ്‌റ്റൈല്‍ 100 മീറ്റര്‍ ബ്രസ്റ്റ് സ്‌ട്രോക്ക് എന്നിവയില്‍ പുരുഷവനിത ഫൈനലുകള്‍ ഇന്ന് നടക്കും. നീന്തല്‍ കുളത്തില്‍ ആറ് സ്വര്‍ണം നേടിയ സജന്‍ പ്രകാശ് ഇന്നും മത്സരത്തിനായി ഇറങ്ങും.

ഷൂട്ടിംഗ് മത്സരങ്ങളും ഇന്ന് അവസാനിക്കും. വനിതാ വിഭാഗം എയര്‍ പിസ്റ്റളിലാണ് ഇന്നത്തെ മത്സരം. ഹോക്കി പുരുഷ വിഭാഗത്തില്‍ കേരളം ഒഡിഷയെ നേരിടും.

ദേശീയ ഗെയിംസില്‍ മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ സര്‍വീസസ് ആണ് ഒന്നാമത്. 38 സ്വര്‍ണവും 11 വെള്ളിയും 12 വെങ്കലവുമാണ് ഇന്നലെ വരെ സര്‍വീസസ് നേടിയത്. 25 സ്വര്‍ണവുമായി മഹാരാഷ്ട്ര രണ്ടാമതും ഹരിയാന മൂന്നാമതുമാണ്. നാലാം സ്ഥാനത്തുള്ള കേരളത്തിന്റെ സമ്പാദ്യം 15 സ്വര്‍ണവും 13 വെള്ളിയും 18 വെങ്കലവുമാണ്.

Top