ധനകമ്മി കുറയ്ക്കാന്‍ പൊതുമേഖലയില്‍ ഓഹരി വില്‍പ്പന സജീവമാകുന്നു

ന്യൂഡല്‍ഹി: ഓഹരി വിപണികള്‍ ഉയരത്തിലേക്ക് എത്തിയതോടെ ധനകമ്മി കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ സജീവമാക്കുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം തീരും മുമ്പ് 67,000 കോടി രൂപയോളം ഓഹരി വില്‍പ്പന വഴി സമാഹരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

പൊതുമേഖലാ സ്റ്റീല്‍ കമ്പനിയായ സെയിലിന്റെ ഓഹരി വില്‍പ്പനയാണ് വെള്ളിയാഴ്ച്ച ആരംഭിക്കുക. സര്‍ക്കാറിന്റെ കൈവശമുള്ള കമ്പനിയുടെ ഓഹരികളില്‍ അഞ്ചു ശതമാനമാണ് വെള്ളിയാഴ്ച്ച വില്‍ക്കുക. ഇതുവഴി 1768 കോടി രൂപ സമാഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വില്‍പ്പന സജീവമാക്കാന്‍ ചെറുകിട നിക്ഷേപകര്‍ക്ക് വിലയില്‍ അഞ്ചു ശതമാനം ഇളവും നല്‍കിയിട്ടുണ്ട്.

സെയില്‍ ഓഹരി വില്‍പ്പന പൂര്‍ത്തിയാകുന്നതോടെ വരും ദിവസങ്ങളില്‍ കൂടുതല്‍ വലിയ ഓഹരി വില്‍പ്പനകള്‍ ഉണ്ടാവും. കോള്‍ ഇന്ത്യ ലിമിറ്റഡ് (24,000 കോടി), ഹിന്ദുസ്ഥാന്‍ സിങ്ക് (20,000 കോടി), ഒ.എന്‍.ജി.സി (18,000 കോടി), എന്‍.എച്ച്.പി.സി (3000 കോടി) എന്നിവയാണ് വൈകാതെ നടക്കുന്ന പൊതുമേഖലാ ഓഹരി വില്‍പ്പനകള്‍.

Top