ഇസ്ലാമാബാദ്: പാക് നടി വീണാ മാലിക്കിന് 26 വര്‍ഷം തടവ് ശിക്ഷ. ടെലിവിഷന്‍ ഷോയ്ക്കിടെ പ്രവാചകനെ നിന്ദിക്കുന്നരീതിയില്‍ പരാമര്‍ശം നടത്തിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് പാക് തീവ്രവാദ വിരുദ്ധ കോടതി തടവിന് ശിക്ഷിച്ചത്.
പാക്കിസ്ഥാനിലെ പ്രമുഖ മാധ്യമ സ്ഥാപനമായ ജംഗ് ഗ്രൂപ്പിന്റെ ഉടമ ഷക്കീല്‍ ഉര്‍ റഹ്മാന്‍, വീണാ മാലിക്കിന്റെ ഭര്‍ത്താവ് ആസാദ് മാലിക്, പരിപാടിയുടെ അവതാരകയായ ഷയെസ്ത ലോധി എന്നിവര്‍ക്കും ജില്‍ജിസ്ഥാനിലെ കോടതി തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. തടവിന് പുറമെ പ്രതികളോരുരുത്തരും 13 ലക്ഷം പാക്കിസ്ഥാന്‍ രൂപവീതം പിഴയൊടുക്കാനും കോടതി വിധിച്ചിട്ടുണ്ട്. വിധിക്കെതിരെ ഇവര്‍ മേല്‍ക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.
ശിക്ഷ വിധിക്കുമ്പോള്‍ പ്രതികള്‍ കോടതിയില്‍ ഹാജരായിരുന്നില്ല. പ്രതികള്‍ കീഴടങ്ങാന്‍ തയാറായില്ലെങ്കില്‍ ഇവരുടെ സ്വത്ത് വകകള്‍ കണ്ടുകെട്ടാനും ജഡ്ജി രാജാ ഷെഹ്ബാസ് ഖാന്‍ ഉത്തരവിട്ടു.
ഈ വര്‍ഷം മെയ് 14ന് വീണാ മാലിക്കിന്റെ വിവാഹത്തോടനുബന്ധിച്ച് ജിയോ ടിവിയില്‍ സംപ്രേഷണം ചെയ്ത പ്രഭാത പരിപാടിയ്ക്കിടെ ഇവര്‍ പ്രവാചകനിന്ദ നടത്തിയെന്ന പരാതിയിലാണ് കോതിയുടെ ഉത്തരവ്. സംഭവത്തില്‍ ജിയോ ടിവി ടെലിവിഷനിലൂടെയും അച്ചടി മാധ്യമങ്ങളിലൂടെയും നേരത്തെ പരസ്യമായി മാപ്പു പറഞ്ഞിരുന്നു.