ദില്ലി: നയതന്ത്രപ്രതിനിധികള്‍ ഇന്ത്യ വിട്ടതില്‍ കാനഡയെ പിന്തുണച്ച് അമേരിക്കയും ബ്രിട്ടനും. ഇന്ത്യ വിയന്ന കണ്‍വന്‍ഷന്‍ ചട്ടങ്ങള്‍ പാലിക്കണമെന്ന് രണ്ടു രാജ്യങ്ങളും ആവശ്യപ്പെട്ടു. അതേസമയം, ഇന്ത്യ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നു എന്ന ജസ്റ്റിന്‍ ട്രൂഡോയുടെ വാദം കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ തള്ളി. കോണ്‍സുലേറ്റുകളിലെ പ്രവര്‍ത്തനം കുറക്കാന്‍ ഇന്ത്യ ആവശ്യപ്പെട്ടില്ലെന്നും നിജ്ജറുടെ കൊലപാതകത്തില്‍ കാനഡ തെളിവു നല്‍കിയില്ലെന്നും ഇന്ത്യ വ്യക്തമാക്കി. സിഖ് വിഘടനവാദി നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ കാഡന കഴിഞ്ഞ ദിവസം 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിച്ചിരുന്നു.
കനേഡിയന്‍ പൗരനും സിഖ് വിഘടനവാദി നേതാവുമായ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് കാനഡ ആരോപിച്ചതിനെ തുടര്‍ന്നാണ് നയതന്ത്ര പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. കാനഡയുടെ ആരോപണങ്ങള്‍ ഗൗരവമായി കാണുന്നുവെന്നും കൊലപാതക അന്വേഷണത്തില്‍ കാനഡയുമായി സഹകരിക്കാന്‍ ഇന്ത്യയോട് അഭ്യര്‍ഥിച്ചെന്നും അമേരിക്ക വ്യക്തമാക്കിയിരുന്നു.
നയതന്ത്ര ഉദ്യോ?ഗസ്ഥരുടെ സാന്നിധ്യം കുറയ്ക്കണമെന്ന് ഇന്ത്യ നിര്‍ബന്ധിക്കരുതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അഭ്യര്‍ത്ഥിച്ചു. ഇന്ത്യയിലെ നയതന്ത്ര സാന്നിധ്യം ഗണ്യമായി കുറയ്ക്കണമെന്നഇന്ത്യന്‍ സര്‍ക്കാരിന്റെ ആവശ്യത്തിന് പിന്നാലെ കനേഡിയന്‍ നയതന്ത്രജ്ഞര്‍ ഇന്ത്യയില്‍ നിന്ന് പോയതില്‍ ആശങ്കയുണ്ടെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാത്യു മില്ലര്‍ പറഞ്ഞു.