നഷ്ട പരിഹാരം ആവശ്യപ്പെട്ട് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന് ബിസിസിഐ കത്ത് നല്കി

മുംബൈ: വെസ്റ്റിന്‍ഡീസ്-ഇന്ത്യാ മത്സരം പാതിവഴിയില്‍ നിര്‍ത്തി മടങ്ങിയതു മൂലമുണ്ടായ നഷ്ടം നികത്താന്‍ വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന് ബിസിസിഐ അന്ത്യശാസനം നല്കി. 250 കോടി രൂപയാണ് ബിസിസിഐ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്.

ബിസിസിഐ സെക്രട്ടറി സഞ്ജയ് പാട്ടേല്‍ ഇതു സംബന്ധിച്ച് അന്ത്യശാസനം നല്കി വിന്‍ഡീസ് ബോര്‍ഡിന് കത്തയച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ കത്തിന് മറുപടി നല്കിയില്ലെങ്കില്‍ ഇന്ത്യ നിയമപരമായി നീങ്ങുമെന്നാണ് മുന്നറിയിപ്പ് നല്കിയിരിക്കുന്നത്.

കഴിഞ്ഞ ഒക്‌ടോബറിലാണ് വിന്‍ഡീസ് ബോര്‍ഡുമായുള്ള വേതന തര്‍ക്കത്തെ തുടര്‍ന്ന് ടീം ഇന്ത്യന്‍ പര്യടനം പാതിവഴിയില്‍ ഉപേക്ഷിച്ച് വെസ്റ്റിന്‍ഡിസ് ടീം നാട്ടിലേയ്ക്ക് മടങ്ങിയത്. ഇതുമൂലം 400 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും വിന്‍ഡീസ് ബോര്‍ഡ് നഷ്ടം നികത്തണമെന്നും ബിസിസിഐ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനോട് ബോര്‍ഡ് പ്രതികരിക്കാത്തതിനെ തുടര്‍ന്നാണ് ബിസിസിഐ അന്ത്യശാസനം നല്കിയിരിക്കുന്നത്.

അഞ്ച് ഏകദിനവും ഒരു ട്വന്റി-20യും മൂന്നു ടെസ്റ്റും ഉള്‍പ്പെടുന്ന പര്യടനത്തിനാണ് വെസ്റ്റിന്‍ഡീസ് ഇന്ത്യയിലെത്തിയത്. എന്നാല്‍ നാലാം ഏകദിനത്തിനു ശേഷം വെസ്റ്റിന്‍ഡീസ് ടീം നാട്ടിലേക്ക് മടങ്ങുകയായിരുന്നു.

Top