നാലാം സ്ഥാനത്തിന് ഇംഗ്ലണ്ടും ബംഗ്ലാദേശും

121789-england-cricket-team

അഡ്‌ലെയ്ഡ്: ലോകകപ്പില്‍ ഇന്ന് പൂള്‍ എയിലെ പോരാട്ടത്തില്‍ ഇംഗ്ലണ്ട് ബംഗ്ലാദേശിനെ നേരിടും. പൂള്‍ എയിലെ നാലാം സ്ഥാനക്കാരെ നിര്‍ണയിക്കുന്ന മത്സരമായിരിക്കും ഇന്നത്തേത്. ജയിക്കുകയാണെങ്കില്‍ ബംഗ്ലാദേശിന് ക്വാര്‍ട്ടര്‍ ഉറപ്പിക്കാം മറിച്ച് അവര്‍ തോല്‍ക്കുകയാണെങ്കില്‍ അടുത്ത കളിയില്‍ ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ചാല്‍ മാത്രമേ ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ സാധിക്കൂ. ഇന്നത്തെ മത്സരം എന്തെങ്കിലും കാരണത്താല്‍ ഉപേക്ഷിക്കപ്പെട്ടാല്‍ പോലും ബംഗ്ലാദേശ് ക്വാര്‍ട്ടറില്‍ പ്രവേശിക്കും. മറിച്ച് ബംഗ്ലാദേശ് തോല്‍ക്കുകയാണെങ്കില്‍ അടുത്ത മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ജയം നേടിയാല്‍ ഇംഗ്ലണ്ടിന് ക്വാര്‍ട്ടറില്‍ ഇടംപിടിക്കാനും സാധിക്കും. അവസാന കളി ന്യൂസിലാന്‍ഡിനെതിരെ ആയതിനാല്‍ ബംഗ്ലാദേശ് ഇന്നത്തെ മത്സരത്തില്‍ തന്നെ ഇംഗ്ലണ്ടിനെ തോല്‍പ്പിക്കാന്‍ കൈമെയ് മറന്നു പോരാടുമെന്നുറപ്പ്. ന്യൂസിലാന്‍ഡ് ഇത്തവണ കളിച്ച കളികള്‍ എല്ലാം തന്നെ ജയിച്ചു. അതിനാല്‍ അവസാന കളിയില്‍ ബംഗ്ലാദേശിനും കാര്യമായ സാധ്യതകള്‍ കല്‍പ്പിക്കുന്നില്ല. ഇംഗ്ലണ്ടിനാകട്ടെ ജയം ഏറെ അനിവാര്യമാണ് കളി ടൈ ആയാല്‍ പോലും ഇംഗ്ലീഷുകാര്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകും. ടൂര്‍ണമെന്റില്‍ ഇതുവരെ നാല് മത്സരങ്ങളില്‍ നിന്നായി രണ്ട് പോയന്റാണ് ഇംഗ്ലണ്ടിനുള്ളത്. മുന്‍നിര ടീമുകള്‍ക്കെതിരെയെല്ലാം തോറ്റ അവര്‍ക്ക് സ്‌കോട്‌ലാന്‍ഡിനെ മാത്രമാണ് തോല്‍പ്പിക്കാന്‍ സാധിച്ചത്.

Top