തിരുവനന്തപുരം: ഒരു പൊലീസ് ഓഫീസറെ ഒരു വര്‍ഷത്തില്‍ നാല് തവണ സ്ഥലംമാറ്റിയാല്‍ അവന്‍ സ്വാഭാവികമായും അഴിമതിക്കാരനായി മാറുമെന്ന് സംസ്ഥാന പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍.
കുട്ടിയും കുടുംബവുമെല്ലാം പൊലീസുകാരനും ഉള്ളതിനാല്‍ അവര്‍ ഇത്തരം സാഹചര്യങ്ങളില്‍ അഴിമതിക്ക് അടിമപ്പെട്ടുപോകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വകാര്യ ചാനലിന് അനുവദിച്ച ഇന്റര്‍വ്യൂവിലാണ് പൊലീസിനെ പന്ത് തട്ടുന്നതുപോലെ ട്രാന്‍സ്ഫര്‍ ചെയ്യുന്നതിലുള്ള അമര്‍ഷം ഡി.ജി.പി പ്രകടിപ്പിച്ചത്.
സ്ഥലംമാറ്റം അച്ചടക്ക നടപടിയല്ലെന്ന് പറയുന്നുണ്ടെങ്കിലും താനത് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തന്നെ പലര്‍ക്കും ഇഷ്ടപ്പെടാത്തത് കൊണ്ടാണ് നേരത്തെ പ്രധാന നിയമനങ്ങളില്‍ പരിഗണിക്കാപ്പെടാതിരുന്നത്. ആരുടെ അടുത്തും നിയമനം ചോദിച്ച് പോകാന്‍ തന്നെ കിട്ടില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
സംസ്ഥാന പൊലീസില്‍ താഴെ തലം മുതല്‍ ധാരാളം നല്ല ഓഫീസര്‍മാരുണ്ട്. പൊലീസ് സ്റ്റേഷനുകളില്‍ 3 ടേബിളും 15 കസേരയും മാത്രമുള്ളപ്പോള്‍ വരുന്നവര്‍ക്ക് എങ്ങനെ കസേര കൊടുക്കാന്‍ പറ്റുമെന്നും സെന്‍കുമാര്‍ ചോദിച്ചു. പൊലീസിനെ കുറ്റം പറയുന്നവര്‍ പൊലീസിന്റെ പരിമിതി മനസിലാക്കുന്നില്ല.
ഒരു വര്‍ഷം ആറ് ലക്ഷത്തോളം കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. പ്രതികളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുമ്പോള്‍ ഇന്റേണല്‍ ഇന്‍ജുറി പരിശോധിക്കാനുള്ള സംവിധാനം നിലവിലില്ല. എത്ര ആശുപത്രികള്‍ ഇതിനോട് സഹകരിക്കുമെന്നും അദ്ദേഹം ചോദിച്ചു.
‘പൊലീസ് രത്‌നാകരന്‍ ആകരുതെന്നും വാല്മീകി ആവണമെന്നും’ ഉപദേശിച്ച സെന്‍കുമാര്‍ തന്റെ സ്വഭാവത്തില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും മറ്റ് കാര്യങ്ങള്‍ സര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്നും പറഞ്ഞാണ് അഭിമുഖത്തിന് വിരാമമിട്ടത്.