നിതാരി കൂട്ടക്കൊല കേസ്: സുരീന്ദര്‍ കോലിയുടെ വധശിക്ഷ ജീവപര്യന്തമാക്കി

ലക്‌നൗ: നിതാരി കൂട്ടക്കൊലക്കേസിലെ ഒന്നാം പ്രതി സുരീന്ദര്‍ കോലിയുടെ വധശിക്ഷ അലഹബാദ് ഹൈക്കോടതി ജീവപര്യന്തമാക്കി കുറച്ചു. ശിക്ഷയ്‌ക്കെതിരേ പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ ഡെമോക്രാറ്റിക് റൈറ്റ്‌സ് (പിയുഡിആര്‍) സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചായിരുന്നു വിധി. ശിക്ഷയ്‌ക്കെതിരേ കോലിയും കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് പി.കെ.എസ്.ബാഗല്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

നോയിഡക്ക് സമീപമുള്ള നിതാരിയില്‍ 14കാരിയായ റിംമ്പാ ഹാല്‍ദറിനെ കൊലപ്പെടുത്തിയ കേസിലാണ് കോടതി കോലിക്ക് വധശിക്ഷ വിധിച്ചത്. 2006 ഡിസംബറില്‍ നോയിഡയില്‍ നിന്നും കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ മറ്റ് നിരവധി പെണ്‍കുട്ടികളുടെ അസ്ഥികൂടങ്ങളും പൊലീസ് കണ്ടെത്തി. മൃതദേഹങ്ങളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടെന്നും ശരീരഭാഗങ്ങള്‍ ഭക്ഷിച്ചെന്നും കോലി സമ്മതിച്ചിരുന്നു. 19ല്‍ അധികം സ്ത്രീകളെ ഇയാള്‍ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്‌തെന്നും സംശയമുണ്ട്.

ബലാത്സംഗം, കൊലപാതം, നരമാംസ ഭോജനം എന്നിവ ഉള്‍പ്പെട്ട അഞ്ച് കേസുകളില്‍ ഇതുവരെ കോലി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. 14 കേസുകള്‍ ഇപ്പോഴും കോടതികളുടെ പരിഗണനയിലാണ്.

Top