നിയമനത്തിന് കോഴ; ഉദ്യോഗാര്‍ത്ഥിക്ക് മര്‍ദ്ദനം; ഫസല്‍ഗഫൂറിനെതിരെ കേസ്

കോഴിക്കോട്: പുതിയ പ്ലസ്ടു സ്‌കൂളുകളും കോഴ്‌സുകളും അനുവദിക്കുന്നതില്‍ മുസ്ലിംലീഗിലെ ഉന്നത നേതാക്കള്‍ കോഴചോദിച്ചെന്ന് വെളിപ്പെടുത്തി സര്‍ക്കാരിനെ വിറപ്പിച്ച എംഇഎസ് പ്രസിഡന്റ് ഡോ. ഫസല്‍ഗഫൂറിനെതിരെ നിയമനത്തില്‍ കോഴ ആരോപണവും ഉദ്യോഗാര്‍ത്ഥിയെ മര്‍ദ്ദിച്ചതിന് കേസും.

നടക്കാവിലെ എംഇഎസ് വനിതാ കോളേജില്‍ മലയാളം അസിസ്റ്റന്റ് പ്രഫസര്‍ നിയമനത്തിനെത്തിയ അബ്ദുല്‍ ലത്തീഫിനാണ് 20 ലക്ഷം കോഴ ചോദിച്ചകാര്യം വെളിപ്പെടുത്തിയതിന് ഫസല്‍ഗഫൂറിന്റെ മര്‍ദ്ദനമേറ്റത്. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായ അബ്ദുല്‍ ലത്തീഫിന്റെ പരാതിയിലാണ് നടക്കാവ് പൊലീസ് ഫസല്‍ ഗഫൂറിനെതിരെ കേസെടുത്തത്. നടക്കാവിലെ എംഇഎസ് വനിതാകോളേജില്‍ മലയാളം അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലെ നിയമനത്തിന് ലത്തീഫും അപേക്ഷ നല്‍കിയിരുന്നു. എംഇഎസില്‍ നിന്നും ഫോണ്‍ ചെയ്ത് സാധ്യതാ ലിസ്റ്റില്‍ ഒന്നാമതാണെന്നും 20 ലക്ഷം രൂപ നല്‍കിയാല്‍ നിയമനം നല്‍കാമെന്നും അറിയിക്കുകയായിരുന്നുവത്രെ .

എന്നാല്‍ ലത്തീഫ് ഇതിനു തയ്യാറായില്ല. ഇതോടെ എംഇഎസ് ലത്തീഫിന് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ കോള്‍ ലെറ്റര്‍ അയച്ചതുമില്ല. ഇതോടെ എംഇഎസ് ഓഫീസിലെത്തി ഈ പ്രശ്‌നം പറഞ്ഞപ്പോള്‍ വാഗ്വാദമായി. തര്‍ക്കത്തിനൊടുവിലാണ് ലത്തീഫിനും കോള്‍ ലെറ്റര്‍ നല്‍കിയത്.
ഞായറാഴ്ച ഇന്റര്‍വ്യൂവിന് എത്തിയപ്പോള്‍ 20 ലക്ഷം രൂപ ആവശ്യപ്പെട്ടതായി അബ്ദുല്‍ ലത്തീഫ് അഭിമുഖത്തിനെത്തിയവരെ അറിയിച്ചു.

ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്ന ഒരു നോട്ടീസ് ചിലര്‍ക്ക് നല്‍കി. ഇത് ശ്രദ്ധയില്‍പ്പെട്ട ഫസല്‍ ഗഫൂറും മറ്റു രണ്ടുപേരും അബ്ദുല്‍ ലത്തീഫിനെ ചോദ്യംചെയ്തു. തുടര്‍ന്ന് ഇറങ്ങിപ്പോയ ഉദ്യോഗാര്‍ഥിയെ പിന്നാലെ ചെന്ന് ഗേറ്റിനടുത്ത് തടഞ്ഞുവച്ച് മര്‍ദിച്ചുവെന്നാണ് പരാതി. ഇത് കണ്ടുനിന്ന കവി മണമ്പൂര്‍ രാജന്‍ബാബു മര്‍ദിക്കരുതെന്ന് വിലക്കിയപ്പോള്‍ അദ്ദേഹത്തോടും ഫസല്‍ഗഫൂര്‍ ക്ഷുഭിതനായെന്നും പരാതിയില്‍ പറഞ്ഞു.

മണമ്പൂര്‍ രാജന്‍ബാബു അഭിമുഖത്തില്‍ പങ്കെടുക്കാന്‍ മരുമകള്‍ക്കൊപ്പം എത്തിയതായിരുന്നു. തന്റെ സ്ഥാപനത്തില്‍ വന്ന് ആരോപണം ഉന്നയിക്കുന്നവര്‍ ആരായാലും അവരെ തല്ലുമെന്ന് ഫസല്‍ ഗഫൂര്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ലീഗിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച ഫസല്‍ ഗഫൂര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെങ്കിലും കോടതിയില്‍ പോകാതെ സമര്‍ത്ഥമായി പിന്‍വാങ്ങുകയായിരുന്നു. ഇതോടെ കോഴയൊന്നും നല്‍കാതെ തന്നെ എംഇഎസിനും പ്ലസ്ടു സ്‌കൂളുകളും കോഴ്‌സും ലഭിച്ചു. ഈ സ്‌കൂളിലെ അധ്യാപക നിയമനത്തിനും കോഴ വാങ്ങിയതായി ആക്ഷേപം ഉയര്‍ന്നിരുന്നു.

Top