നിലമ്പൂര്‍: സി.പി.എം വിഭാഗീയതകൊണ്ട് സംസ്ഥാനതലത്തില്‍ ശ്രദ്ധേയമായ നിലമ്പൂര്‍ നഗരസഭയില്‍ യു.ഡി.എഫിനു ചരിത്രവിജയം. 33 അംഗ കൗണ്‍സിലില്‍ 25ലും വിജയിച്ചാണ് യു.ഡി.എഫ് നിലമ്പൂരില്‍ ഭരണത്തുടര്‍ച്ച നേടിയത്.
സി.പി.എമ്മിനു കനത്ത തിരിച്ചടിയാണ് ലഭിച്ചത്. കഴിഞ്ഞ തവണ 10 സീറ്റുകളുണ്ടായിരുന്ന പാര്‍ട്ടി കേവലം അഞ്ച് സീറ്റുകളിലേക്ക് ഒതുങ്ങി. ജനകീയ കൂട്ടായ്മ എന്ന പേരില്‍ മത്സരിച്ച സി.പി.എം വിമതര്‍ രണ്ട് സീറ്റില്‍ വിജയിച്ച് നേതൃത്വത്തെ ഞെട്ടിച്ചു.
സി.പി.എം നിലമ്പൂര്‍ ലോക്കല്‍ സെക്രട്ടറിപോലും പരാജയപ്പെട്ടു. നിലമ്പൂര്‍ പഞ്ചായത്ത് രൂപീകരിച്ചതു മുതല്‍ സി.പി.എം കുത്തകയാക്കിവെച്ചിരുന്ന വാര്‍ഡുകള്‍പോലും യു.ഡി.എഫ് പിടിച്ചെടുത്തു. നിലമ്പൂരിലെ കണ്ണൂര്‍ എന്നറിയപ്പെടുന്ന പാട്ടരാക്ക, ചക്കാലക്കുത്ത് വാര്‍ഡുകളില്‍ ചരിത്രത്തിലാദ്യമായി യു.ഡി.എഫ് വിജയിച്ചു. വിഭാഗീയതയുടെ പേരില്‍ സി.പി.എം പുറത്താക്കിയ പി.എം ബഷീര്‍ കോണ്‍ഗ്രസ് സിറ്റിങ് വാര്‍ഡിലാണ് ജനകീയ കൂട്ടായ്മ സ്ഥാനാര്‍ത്ഥിയായി വിജയിച്ചത്.
മന്ത്രി ആര്യാടന് മുഹമ്മദിന്റെ വാര്‍ഡായ മണലൊടിയില്‍ സി.പി.എം വിമതരുടെ ജനകീയ കൂട്ടായ്മയുടെ ഗോപാലകൃഷ്ണന് എന്ന മണി വിജയിച്ചു. ഇവിടെ എസ്.എന്‍.ഡി.പിയുടെയും ബി.ജെ.പിയുടെയും പിന്തുണ മണിക്കായിരുന്നു. ചന്തക്കുന്ന് വാര്‍ഡില്‍ കോണ്‍ഗ്രസ് വിമതന് മുസ്തഫ കളത്തുംപടിക്കല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വിജയിച്ചു.
ആര്യാടന് ഷൗക്കത്ത് ചെയര്‍മാനായ കോണ്‍ഗ്രസ് ഭരണസമിതി വികസനനേട്ടം ഉയര്‍ത്തിയാണ് പ്രചരണം നടത്തിയത്. ജില്ലയില്‍ കോണ്‍ഗ്രസ് ചെയര്മാന് സ്ഥാനമുള്ള ഏക നഗരസഭയാണ് നിലമ്പൂര്‍. യുഡിഎഫിനു ലഭിച്ച 25 സീറ്റില്‍ 16 കോണ്‍ഗ്രസിനും ഒമ്പത് മുസ്ലിം ലീഗിനുമാണ്.