നില്‍പ്പു സമരം ഒത്തുതീര്‍പ്പിലേക്ക്

തിരുവനന്തപുരം: ആദിവാസികളുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റു നടയ്ക്കല്‍ നടക്കുന്ന നില്‍പ്പുസമരം ഒത്തുതീര്‍പ്പിലേക്ക്. 159 ദിവസമായി തുടരുന്ന ആദിവാസികളുടെ നില്‍പ്പു സമരത്തിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തക മേധ പട്കറുടെ മധ്യസ്ഥതയില്‍ പിന്നാക്കക്ഷേമ മന്ത്രി എ.പി. അനില്‍കുമാര്‍, പട്ടികവര്‍ഗ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മി എന്നിവരുമായി ആദിവാസി നേതാക്കള്‍ നടത്തിയ ചര്‍ച്ച സമവായത്തില്‍ എത്തി.

മുഖ്യമന്ത്രി, വനം റവന്യൂ മന്ത്രിമാരുമായി അടുത്ത ദിവസം നടക്കുന്ന ചര്‍ച്ചയ്ക്കു ശേഷം സമരം തീര്‍ക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കുമെന്ന് ആദിവാസി ഗോത്രമഹാസഭാ നേതാക്കള്‍ പറഞ്ഞു. ഇന്നലെ നടന്ന യോഗത്തില്‍ സമരക്കാരുടെ എല്ലാ വിഷയങ്ങളും പരിഗണിച്ചു. സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ സമരസമിതിക്ക് 90 ശതമാനം സ്വീകാര്യമായിട്ടുണ്ട്. പക്ഷേ, അന്തിമ ഉത്തരവ് ഇറങ്ങുംവരെ സമരം തുടരുമെന്നു സമരനേതാവ് സി.കെ. ജാനു പറഞ്ഞു.

ആദിവാസി ഭൂമി പാക്കെജ് നടപ്പാക്കും. ഇതിനായി കണ്ടെത്തിയ 19,600 ഏക്കര്‍ വനഭൂമി അളന്നു തിരിച്ച് വിജ്ഞാപനമിറക്കും. ആറളം ഫാം പൈനാപ്പിള്‍ കൃഷിക്ക് ഇനി വിട്ടു നല്‍കില്ല. മുത്തങ്ങ സമരക്കാരുടെ നഷ്ടപരിഹാര പുനരധിവാസ പദ്ധതികള്‍ പോരായ്മകള്‍ പരിഹരിച്ച് നടപ്പാക്കുമെന്നും മന്ത്രിമാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.ആദിവാസി ഗ്രാമസഭാ നിയമം നടപ്പാക്കാനും നടപടിയുണ്ടാകും. അഞ്ചു മാസം പിന്നിടുന്ന സമരത്തിനു സമവായ സാധ്യത തേടി മേധ പട്കര്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെയും കണ്ടിരുന്നു. സ്വകാര്യ ലോബികള്‍ക്ക് വഴങ്ങുന്ന സര്‍ക്കാര്‍ ആദിവാസികളെ അവഗണിക്കുന്നുവെന്നും നില്‍പ്പുസമരത്തിന് പരിഹാരം കാണാന്‍ സര്‍ക്കാരിനു കഴിയാത്തതു നാണക്കേടാണന്നും മേധ അഭിപ്രായപ്പെട്ടിരുന്നു.

Top