നില്‍പ്പ് സമരം: സര്‍ക്കാര്‍ ഒത്തു തീര്‍പ്പിന് വഴങ്ങിയത് മാവോയിസ്റ്റ് പേടിയില്‍

തിരുവനന്തപുരം: 162 ദിവസമായി സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തിയ ആദിവാസികളുടെ നില്‍പ്പ് സമരം ഒത്തുതീര്‍പ്പാക്കിയത് മാവോയിസ്റ്റ് പേടിയില്‍. കേരളത്തില്‍ പിടിമുറുക്കാന്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്ന മാവോയിസ്റ്റുകള്‍ നില്‍പ്പ് സമരത്തില്‍ നുഴഞ്ഞ് കയറുമെന്ന ഇന്റലിജന്‍സ് റിപ്പോട്ടാണ് ഒടുവില്‍ 162 -ാം ദിവസം സര്‍ക്കാരിന്റെ കണ്ണ് തുറപ്പിച്ചതെന്നാണ് ലഭിക്കുന്ന സൂചന.

മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പാലിക്കണമെന്നാവശ്യപ്പെട്ടാണ് സി.കെ ജാനുവിന്റെ നേതൃത്വത്തില്‍ വ്യത്യസ്തമായ സമരരീതിയുമായി ആദിവാസി ഗോത്രസഭ രംഗത്തെത്തിയത്. സമരത്തിന് വികാരിമാര്‍ ഉള്‍പ്പെടെ വിവധ മേഖലകളില്‍ നിന്നുള്ളവരുടെ പിന്‍തുണ ലഭിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ ‘മൈന്‍ഡ്’ ചെയ്തിരുന്നില്ല.

ഇതിനിടെയാണ് കൊച്ചിയിലെ നീറ്റാ ജലാറ്റില്‍ കമ്പനിയുടെ കോര്‍പറേറ്റ് ഓഫീസും തിരുനെല്ലിയിലെ റിസോര്‍ട്ടും അടിച്ച് തകര്‍ത്ത് ലഘുലേഖകള്‍ വിതറി മാവോയിസ്റ്റുകള്‍ ആഭ്യന്തര വകുപ്പിനെ മുള്‍മുനയില്‍ നിര്‍ത്തിയത്.

വെള്ളമുണ്ടയില്‍ പൊലീസുമായി ഏറ്റുമുട്ടി വെടിവെപ്പ് നടത്താനും പൊലീസുകാരന്റെ സംഭാഷണം ചോര്‍ത്തി ബ്ലേഡ് മാഫിയ ബന്ധം പുറത്തുവിടാനും മാവോയിസ്റ്റുകള്‍ ധൈര്യം കൂടി കാട്ടിയതോടെ കടുത്ത ആശങ്കയിലായ പൊലീസ് ഉന്നതര്‍ നില്‍പ്പുസമരവും, അട്ടപ്പാടി പട്ടിണിമരണ സംഭവവുമെല്ലാം മുതലെടുത്ത് മാവോയിസ്റ്റുകള്‍ സംഘര്‍ഷമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. ഈ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നില്‍പ്പ് സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്.

നിന്ന് സമരം നടത്തുന്നവരെയല്ല മറിച്ച് അവര്‍ക്ക് പിന്നില്‍ വരാന്‍ ഇടയുള്ള ആയുധധാരികളെയാണ് സര്‍ക്കാര്‍ ഭയപ്പെട്ടത്. എ.കെ ആന്റണി സര്‍ക്കാരിന് ശേഷം വന്ന കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ പോലും മുത്തങ്ങ ഒത്തുതീര്‍പ്പ് വ്യവസ്ഥ പാലിക്കാന്‍ തയ്യാറായില്ലെന്നിരിക്കെയാണ് ഇപ്പോഴത്തെ നയംമാറ്റം.

ഒത്തുതീര്‍പ്പ് വ്യവസ്ഥയില്‍ 7693 ഹെക്ടര്‍ വനഭൂമി ആദിവാസികള്‍ക്ക് പതിച്ച് നല്‍കാനും ആദിവാസി ഊരുകളില്‍ അവരുടെ മാത്രമായ ഭരണ സമിതികള്‍ അറിയാതെ ഭൂമിയുടെ കൈമാറ്റം അനുവദിക്കില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. മുത്തങ്ങയില്‍ നിന്ന് കുടിയിറക്കിയ 447 ആദിവാസി കുടുംബങ്ങള്‍ക്ക് ഒരേക്കര്‍ വീതവും വീട് വെയ്ക്കാന്‍ രണ്ടര ലക്ഷം രൂപ വീതവും നല്‍കും. വെടിവെയ്പ് വേളയില്‍ ജയിലില്‍ പോയ 44 കുട്ടികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കുന്നതോടൊപ്പം ഇവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാനും ധാരണയായിട്ടുണ്ട്.

ആറളം ഫാമിലെ ആദിവാസി പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ സമിതിയെ നിയോഗിച്ചതുള്‍പ്പെടെയുള്ള മറ്റ് ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിച്ചത് വഴി സര്‍ക്കാര്‍ ലക്ഷ്യമിടുന്നതും മാവോയിസ്റ്റ് സ്വാധീനം അവസാനിപ്പിക്കലാണ്. ആദിവാസി ചെറുപ്പക്കാരെ ലക്ഷ്യമിടുന്ന മാവോയിസ്റ്റുകള്‍ക്ക് ആദിവാസി മേഖലയില്‍ ഇടപെടാനുള്ള സാഹചര്യം പരമാവധി ഒഴിവാക്കാന്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്യാനാണ് മന്ത്രിസഭാ തീരുമാനം.

കേരളത്തില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ ഉത്തരേന്ത്യയില്‍ നിന്നടക്കമുള്ള മാവോയിസ്റ്റ് സംഘം കേരളത്തിലെത്തിയിട്ടുണ്ടെന്ന് ഐ.ബിയും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Top