തൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിസാമിനെ ജയിലില്‍ പോയി കണ്ടിട്ടില്ലെന്ന് പി.എ. മാധവന് എംഎല്‍എ. ജയിലില്‍ പോയത് അഡൈ്വസറി കമ്മിറ്റി യോഗത്തിനാണെന്നും നിസാമിനെ കണ്ടിട്ടില്ലെന്നും പി.എ മാധവന് പറഞ്ഞു.
നിസാമിനെ ജയിലില്‍ ചെന്നുകണ്ട് ആശ്വസിപ്പിച്ചിരുന്നുവെങ്കില്‍ താന്‍ നിസാമിനേക്കാള്‍ ക്രൂരനാവുമായിരുന്നു എന്നാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചത്. താന്‍ നിസാമിനെ ചെന്ന് കണ്ടുവെന്നും എന്തെങ്കിലും സഹായം ചെയ്തുവെന്നും തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കാമെന്നും എംഎല്‍എ വ്യക്തമാക്കി.
നിസാമിനെ ജയിലില്‍ സന്ദര്‍ശിച്ച കോണ്‍ഗ്രസ് എംഎല്‍എയുടെ പേര് നിയമസഭ സമ്മേളനത്തില്‍ വെളിപ്പെടുത്തുമെന്ന് കഴിഞ്ഞ ദിവസം ബാബു എം.പാലിശ്ശേരി എംഎല്‍എ തൃശൂരില്‍ പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പേരു വെളിപ്പെടുത്താന്‍ ബാബു എം പാലിശ്ശേരി തയാറായിരുന്നില്ല. സിപിഐ മുഖപത്രമായ ജനയുഗത്തിലാണ് പി.എ. മാധവന്റെ ഫോട്ടോ സഹിതം ജയിലില്‍ നിസാമിനെ ചെന്നു കണ്ടുവെന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഇതേത്തുടര്‍ന്നാണ് മാധവന് വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയത്.