തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ ഇന്ന് കേരളത്തിന്റെ പ്രതീക്ഷ നീന്തല്‍ക്കുളമാണ്. ആറ് ഇനങ്ങളിലാണ് ഫൈനല്‍. രണ്ട് സ്വര്‍ണമെങ്കിലും നേടാനാകുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ.
ബീച്ച് ഹാന്‍ഡ് ബോള്‍, ഖോഖോ. ഹോക്കി, നെറ്റ്ബോള്‍ എന്നിവയിലാണ് കേരളത്തിന്റെ പ്രധാനമത്സരങ്ങള്‍. ഷൂട്ടിംഗ് മത്സരങ്ങള്‍ക്കും ഇന്ന് തുടക്കമാകും. വനിതകളുടെ 50 മീറ്റര്‍ എയര്റൈഫിളിലും പുരുഷന്മാരുടെ 50 മീറ്റര്‍ പിസ്റ്റളിലും ആണ് ഇന്ന് മെഡല്‍ നിര്‍ണയിക്കപ്പെടുക.
ദേശീയ ഗെയിംസ് ടേബിള്‍ ടെന്നീസില്‍ ഇന്ന് പുരുഷ വനിതാ ടീമിനത്തില്‍ ഇന്ന് ഫൈനല്‍. കൊച്ചി കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍. രാവിലെ പുരുഷവനിതാ ടീമിനത്തില്‍ സെമിഫൈനലും, ഉച്ചയ്ക്ക് ശേഷം ഫൈനലും നടക്കും. ലോണ്‍ ബോള്‍ വ്യക്തിഗത ഇനത്തിലും, പെയര്‍, ട്രിപ്പിള്‍ ഇനങ്ങളിലും ഇന്ന് മത്സരങ്ങള്‍ ആരംഭിക്കും. ലോണ്‍ ബോള്‍ പുരുഷ സിംഗിള്‍സ് പൂള് ബിയില്‍ കേരളം ഝാര്‍ഖണ്ഡിനെ നേരിടും. വനിതാ പെയര്‍ ഇനത്തിലും ഝാര്‍ഖണ്ഡാണ് കേരളത്തിന്റെ എതിരാളികള്‍. വനിതകളുടെ ട്രിപ്പിള്‍സില്‍ കേരളം ഡല്‍ഹിയെ നേരിടും.
ഭാരോദ്വഹനത്തില്‍ വനിതകളുടെ 58 കിലോഗ്രാം വിഭാഗത്തിലും, പുരുഷന്മാരുടെ 62 കിലോഗ്രാം വിഭാഗത്തിലും രാവിലെ മത്സരങ്ങള്‍ നടക്കും. ഉച്ചയ്ക്ക് ശേഷം പുരുഷന്മാരുടെ 69 കിലോഗ്രാം വിഭാഗത്തിലും മത്സരമുണ്ട്. തൃശ്ശൂര്‍ പോലീസ് അക്കാദമി ഷൂട്ടിംഗ് റേഞ്ചില്‍ നടക്കുന്ന ട്രാപ്പ് ഷൂട്ടില്‍ വനിതകളുടെ 50 മീറ്റര്‍ എയര്‍ റൈഫിളിലും, പുരുഷന്മാരുടെ 50 മീറ്റര്‍ പിസ്റ്റളിലും ഇന്ന് മത്സരം നടക്കും. അമ്പെയ്ത്ത് കോമ്പൗണ്ട് റൗണ്ട് 72ല്‍ യോഗ്യതാ മത്സരങ്ങള്‍ ഇന്നാരംഭിക്കും.
ദേശീയ ഗെയിംസില്‍ നീന്തലില്‍ കേരളത്തിന് രണ്ടാം സ്വര്‍ണം ലഭിച്ചിരുന്നു. പുരുഷന്മാരുടെ 4X100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയിലാണ് സ്വര്‍ണം. ഗെയിംസ് റെക്കോര്‍ഡോടെയാണ് കേരളം സ്വര്‍ണം നേടിയത്. ഇതോടെ സജന് പ്രകാശിന് ഇരട്ടസ്വര്ണമായി.
നേരത്തെ 100 മീറ്റര്‍ ബട്ടര്‍ ഫ്ളൈ സ്ട്രോക്കിലാണ് സജന് പ്രകാശ് സ്വര്‍ണം നേടിയത്. മീറ്റ് റെക്കോര്‍ഡോടെയാണ് സജന് സ്വര്‍ണം നേടിയത്. നേരത്തെ പുരുഷന്മാരുടെ 200 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ സജന് പ്രകാശ് വെള്ളി നേടിയിരുന്നു. മധ്യപ്രദേശിന്റെ ആരോണ്‍ ഡിസൂസയ്ക്കാണ് ഈ ഇനത്തില്‍ സ്വര്‍ണ്ണം.