നേപ്പാള്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 5000-ത്തിനടുത്തെന്ന് റിപ്പോര്‍ട്ട്

കാഠ്മണ്ഡു: നേപ്പാള്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 5000-ത്തിനടുത്തെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്ത്. ആറായിരത്തിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഇന്ത്യയിലുണ്ടായ ഭൂചലനത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 70 ആയി. അതില്‍ 54 മരണവും ബിഹാറിലാണ്. യുപിയില്‍ 13 പേരും ബംഗാളില്‍ രണ്ടുപേരും രാജസ്ഥാനില്‍ ഒരാളും മരിച്ചു. 237 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഓപ്പറേഷന്‍ മൈത്രി എന്ന പേരില്‍ ഇന്ത്യയുടെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വൈദ്യുതിയും വാര്‍ത്താ വിനിമയ ബന്ധങ്ങളും തകരാറിലയതും രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാക്കി. ടെന്‍ഡുകളും കുടിവെള്ളവും ഭക്ഷണവുമായി രക്ഷാപ്രവര്‍ത്തകരും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും സജീവമാണ്.

ഇന്നു രാവിലെയും നേപ്പാളില്‍ തുടര്‍ ചലനങ്ങളുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തിയ ചലനമാണു രാവിലെയുണ്ടായത്. ശനിയാഴ്ചയുണ്ടായ 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിനു ശേഷം 35ല്‍ അധികം തുടര്‍ചലനങ്ങളാണ് ഉണ്ടായത്. ഇത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. ഇത്തരം ചലനങ്ങള്‍ ഏതാനും ദിവസങ്ങള്‍ കൂടി തുടരുമെന്നാണ് മുന്നറിയിപ്പ്. കനത്ത മഴയും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്.

Top