പക്ഷിപ്പനി: നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

തിരുവനന്തപുരം: കുട്ടനാട്ടില്‍ പക്ഷിപ്പനിബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കോഴി, താറാവ് എന്നിവയുടെ വിപണനത്തിനും ഭക്ഷണമായി ഉപയോഗിക്കുന്നതിനും ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. പക്ഷിപ്പനിബാധ പൂര്‍ണമായും മാറിയ സാഹചര്യത്തിലാണു നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതെന്നു കൃഷിമന്ത്രി കെ.പി. മോഹനന്‍. താറാവു വളര്‍ത്തല്‍ കൃഷിയായി അംഗീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ മന്ത്രിമാരായ കെ.പി. മോഹനന്‍, രമേശ് ചെന്നിത്തല, അടൂര്‍ പ്രകാശ്, കെ.സി. ജോസഫ്, എം.കെ. മുനീര്‍, ചീഫ് വിപ്പ് പി.സി. ജോര്‍ജ്, എംഎല്‍എമാരായ തോമസ് ഐസക്, സി.എഫ്. തോമസ്, മോന്‍സ് ജോസഫ്, മാത്യു ടി. തോമസ്, സുരേഷ് കുറുപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാര്‍, കാര്‍ഷികോത്പാദന കമ്മിഷണര്‍, താറാവ് കര്‍ഷക പ്രതിനിധികള്‍ തുടങ്ങിയവരുടെ യോഗം വിശദമായ ചര്‍ച്ച നടത്തിയാണു തീരുമാനമെടുത്തത്. യോഗത്തില്‍ താറാവു കൃഷിക്കാരെ സഹായിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള വിശദമായ കര്‍മപദ്ധതിക്കും രൂപം നല്‍കി. പദ്ധതിയുടെ ഭാഗമായി താറാവു കര്‍ഷകര്‍ക്കു ബാങ്ക് വായ്പ, ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവ ഏര്‍പ്പെടുത്തും. എല്ലാ ചെറുകിട വന്‍കിട താറാവ് കര്‍ഷകരെയും ഫാമുകളെയും ഹാച്ചറികളെയും ഒരു മാസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യാനും മൃഗസംരക്ഷണ വകുപ്പിന്റെ ലൈസന്‍സ് നല്‍കി ഡേറ്റബേസ് ഉണ്ടാക്കാനും തീരുമാനിച്ചു.

Top