സൈറ്റുകള്‍ തുറക്കുമ്പോള്‍ കാണുന്ന പരസ്യങ്ങള്‍ അലോസരപ്പെടുത്തുന്നവയാണ്. അവ ഒഴിവാക്കാന്‍ ഗൂഗിള്‍ പുതിയ സംവിധാനം ഒരുക്കുന്നു. ‘കോണ്ട്രിബ്യൂട്ടര് ബൈ ഗൂഗിള്‍’ എന്ന പേരില്‍ പരസ്യങ്ങളില്ലാതെ വെബ്സൈറ്റുകള്‍ കാണാനുള്ള പുതിയ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിള്‍ ഇപ്പോള്‍.
എന്നാല്‍ പരസ്യങ്ങളില്ലാതെ വെബ്സൈറ്റുകള്‍ കാണാണമെങ്കില് മാസം ഒരു ഡോളര്‍ മുതല്‍ മൂന്നു ഡോളര്‍ (ഏകദേശം 60-180 രൂപ) വരെ ഇതിന് നല്‍കേണ്ടി വരും. പ്രധാന വരുമാന മാര്‍ഗമായ പരസ്യങ്ങള്‍ മറ്റൊരു വരുമാനമാര്‍ഗത്തിലൂടെ ഒഴിവാക്കുക എന്ന തന്ത്രമാണ് കോണ്ട്രിബ്യൂട്ടര് വഴി ഗൂഗിള്‍ പരീക്ഷിക്കുന്നത്. കോണ്ട്രിബ്യൂട്ടര് വഴി ലഭിക്കുന്ന വരുമാനത്തിന്റെ ഒരു പങ്ക് ഗൂഗിളിനും ഒരു പങ്ക് വെബ്സൈറ്റുകള്‍ക്കും ലഭിക്കും.
നിലവില്‍ തെരഞ്ഞെടുത്ത സൈറ്റുകളിലാണ് കോണ്ട്രിബ്യൂട്ടര് സേവനം ഗൂഗിള്‍ ലഭ്യമായിട്ടുള്ളത്. ഇതിനായി വെബ്സൈറ്റുകള്‍ക്ക് ഗൂഗിള്‍ ഇന്‍വൈറ്റേഷന്‍ അയച്ചിട്ടുണ്ട്. താല്പര്യമുള്ള വെബ്സൈറ്റുകള്‍ക്ക് സൈന്‍ അപ്പ് ചെയ്ത് വെയ്റ്റിങ് ലിസ്റ്റില്‍ ചേരാനുള്ള ഓപ്ഷനുമുണ്ട്. അര്‍ബന്‍ ഡിക്ഷണറി, സയന്‍സ് ഡെയ്ലി, മാഷബിള്‍ തുടങ്ങിയവയാണ് ഇപ്പോള്‍ ഗൂഗിള്‍ കോണ്ട്രിബ്യൂട്ടറിലുള്ള പ്രമുഖ സൈറ്റുകള്‍.
‘കോണ്ട്രിബ്യൂട്ടര്’ ആയ ഉപയോക്താവിന് പരസരഹിത വെബ്സൈറ്റ് പതിപ്പുകളിലേക്ക് അവരുടെ ഗൂഗിള്‍ അക്കൗണ്ട് ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം. ഇങ്ങനെ ലോഗിന്‍ ചെയ്യുമ്പോള്‍ പരസ്യങ്ങളുടെ സ്ഥാനത്ത് ഒരു പിക്സലേറ്റഡ് പാറ്റേണും കോണ്ട്രിബ്യൂട്ടര് ആയതിന് നന്ദി രേഖപ്പെടുത്തുന്ന ഒരു സന്ദേശവുമാകും ഉപയോക്താക്കള്‍ കാണുക.
കോണ്ട്രിബ്യൂട്ടര് പരീക്ഷണം വിജയിച്ചാല്‍, പദ്ധതി കൂടുതല്‍ വിപുലീകരിക്കാനാണ് ഗൂഗിളിന്റെ നീക്കം. ഇത് പ്രായോഗികമായാല് വെബ്സൈറ്റുകള്‍ക്ക് തങ്ങളുടെ പേജുകള്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ഡിസൈന്‍ ചെയ്യാനാകുമെന്നും, അതുവഴി ഉപയോക്താക്കളുടെ ബ്രൗസിങ്ങ് രീതിയില്‍ വ്യത്യാസം വരുമെന്നുമാണ് വിലയിരുത്തല്‍.