പാക് അധീന കശ്മീരില്‍ പാകിസ്ഥാന്‍ വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു

ശ്രീനഗര്‍: പാക് അധീന കാശ്മീരില്‍ പാക്കിസ്ഥാന്‍ വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു. മുസാഫറാബാദ്, ജില്‍ജിത്, കോട്‌ല എന്നിവിടങ്ങളിലാണ് യുവാക്കള്‍ ശക്തമായ പ്രക്ഷോഭം നടത്തുന്നത്. സ്വാതന്ത്ര്യം ആവശ്യപ്പെട്ട് യുവാക്കള്‍ നടത്തുന്ന പ്രക്ഷോഭങ്ങളുടെ ദൃശ്യങ്ങള്‍ സിഎന്‍എന്‍-ഐബിഎന്‍ ചാനല്‍ പുറത്തുവിട്ടു.

പാക് അധീന കശ്മീരിലെ യഥാര്‍ഥ ചിത്രമാണ് ഈ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. വികസനപ്രവര്‍ത്തനങ്ങള്‍ ഒന്നും നടക്കാത്ത ഇവിടെ തൊഴിലില്ലായ്മ രൂക്ഷമാണ്. ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് വിസമ്മതിക്കുന്ന യുവാക്കളെ പാക് ചാരസംഘടന ഐ.എസ്.ഐ.യുടെ നേതൃത്വത്തില്‍ പിടിച്ചുകൊണ്ടുപോയി തടവിലാക്കും.

ഇവിടെ ജീവിതം നരകതുല്യമാണെന്ന് പ്രക്ഷോഭകാരികള്‍ പറയുന്നു. പാകിസ്താന് തങ്ങളുടെ മേല്‍ ശക്തി ഉപയോഗിക്കാന്‍ ഒരു അവകാശവുമില്ലെന്ന് ക്യാമറയ്ക്കു മുന്നില്‍ പറയാന്‍ പോലും പ്രക്ഷോഭകര്‍ തയ്യാറായി. പാകിസ്താനില്‍നിന്ന് സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെട്ട് അലമുറയിടുന്നവരുടെ ദൃശ്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

മേഖലയില്‍ പാകിസ്ഥാനെതിരെ ഉയരുന്ന ശബ്ദങ്ങള്‍ സൈന്യത്തെയും പോലീസിനെയും ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണ്. കശ്മീര്‍ താഴ്‌വരയിലെ ചെറിയ സംഘര്‍ഷങ്ങളും സമരങ്ങളും വരെ പ്രാദേശിക സര്‍ക്കാറിനെതിരായ സമരങ്ങളായാണ് പാകിസ്താന്‍ അവതരിപ്പിക്കാറ്. എന്നാല്‍, പാക് അധീന കശ്മീരില്‍ നടക്കുന്ന പ്രക്ഷോഭങ്ങളെക്കുറിച്ച് മൗനം പാലിക്കുകയാണ്.

ഇന്ത്യയിലെ ഭരണരീതിക്ക് മേഖലയില്‍ വന്‍ പ്രചാരമാണ് അടുത്തിടെയുണ്ടായത്. പാക് അധീന കശ്മീരിലെ വലിയൊരു വിഭാഗം ഇന്ത്യയ്ക്ക് അനുകൂലമായി നിടപാടെടുക്കുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 2015ലെ ഭൂകമ്പത്തിലും 2014ല്‍ ഉണ്ടായ വലിയ വെള്ളപ്പൊക്കത്തിലും ഇന്ത്യന്‍ സര്‍ക്കാറിന്റെ ഇടപെടലാണ് ഇവരെ മാറ്റിചിന്തിപ്പിച്ചു തുടങ്ങിയത്.

അന്‍ജുമാന്‍ മിന്‍ഹാജ് ഇ റസൂല്‍ ചെയര്‍മാന്‍ മൗലാന സയ്യദ് അത്തര്‍ ഹുസാന്‍ ദെഹ് ലാവി അടുത്തിടെ പാക് അധീന കശ്മീരില്‍ പോയിരുന്നു. അദ്ദേഹമാണ് ഇന്ത്യയ്ക്ക് അനുകൂലമായ ജനങ്ങളുടെ അഭിപ്രായം പുറത്തുവിട്ടത്. പാകിസ്താനിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മോചിതരായി സമാധാനപരമായ ജീവിതമാണ് ഇവര്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

https://youtu.be/qvsi-yPmmwo

 

Top