പാക് പ്രതിപക്ഷ നേതാവ് ഇമ്രാന്‍ ഖാനെതിരെ അറസ്റ്റ് വാറണ്ട്

ഇസ്‌ലാമബാദ്: പാക്കിസ്ഥാനില്‍ ഭരണ വിരുദ്ധ പ്രക്ഷോഭം നടത്തുന്ന പാക്കിസ്ഥാന്‍ തെഹ്രിക് ഇ ഇന്‍സാഫ്(പിടിഐ) നേതാവ് ഇമ്രാന്‍ ഖാന്‍ ഉള്‍പ്പെടെ രണ്ടു പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ പാക് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. പാര്‍ലമെന്റ് ആക്രമിച്ചതിനും ദേശീയ ടെലിവിഷന്‍ സംപ്രക്ഷണം തടസപ്പെടുത്തിയതിനുമാണ് ഇമ്രാന്‍ ഖാന്‍, പാക്കിസ്ഥാന്‍ അവാമി തെഹ്രീക്(പിഎടി) നേതാവ് താഹിറുള്‍ ഖാദിരി എന്നിവര്‍ക്കെതിരെയുള്ള അറസ്റ്റ് വാറണ്ട്.

വരുന്ന നവംബര്‍ 30 നു പ്രധാനമന്ത്രി നവാസ് ഷരീഫിനെതിരെ നേരിട്ടുള്ള സമരത്തിനു ബുധനാഴ്ച ഇമ്രാന്‍ ആഹ്വാനം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പാക് കോടതിയുടെ ഉത്തരവ്. കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്നും ഷരീഫ് പുറത്തു പോകണമെന്നും ആവശ്യപ്പെട്ടാണ് ഇമ്രാന്റെ നേതൃത്വത്തിലുള്ള പിടിഐ പാര്‍ട്ടി പ്രക്ഷോഭം അഴിച്ചുവിട്ടത്.

Top