അഹമ്മദാബാദ്: പാകിസ്ഥാനിലെ കറാച്ചിയില്‍നിന്ന് ഗുജറാത്ത് തീരത്തെത്തിയ ബോട്ട് തകര്‍ക്കാന്‍ നിര്‍ദ്ദേശം നല്‍കിയത് താനാണെന്ന അവകാശവാദം തിരുത്തി കോസ്റ്റ് ഗാര്‍ഡ് ഡിഐജി രംഗത്ത്. ബോട്ട് തകര്‍ക്കാന്‍ കോസ്റ്റ് ഗാര്‍ഡിന് നിര്‍ദ്ദേശം നല്‍കിയത് താനാണെന്ന് ഡിഐജി ലോഷാലി സൂറത്തില്‍ നടന്ന ചടങ്ങില്‍ പറഞ്ഞതായി കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബോട്ടിലുണ്ടായിരുന്ന തീവ്രവാദികളെന്ന് സംശയിക്കുന്നവര്‍ക്ക് ബിരിയാണി നല്കി സത്കരിക്കാന്‍ കഴിയില്ലായിരുന്നുവെന്ന് ലോഷാലി പറഞ്ഞതായും മാധ്യമങ്ങളില്‍ വന്നിരുന്നു. സംഭവം വിവാദമായതോടെ മാധ്യമ റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചുകൊണ്ട് ലോഷാലിതന്നെ പ്രസ്താവന ഇറക്കി. ഡിഐജിയുടെ പരാമര്‍ശം മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്തതാണെന്ന് പറഞ്ഞ് കോസ്റ്റ് ഗാര്‍ഡ് അധികൃതരും രംഗത്തെത്തി. അതേസമയം ഡിഐജിയുടെ പ്രസംഗം അടങ്ങുന്ന വീഡിയൊ വാര്‍ത്ത നല്കിയ മാധ്യമം പുറത്തു വിട്ടു.