പാക് സൈന്യം തിരിച്ചടി തുടങ്ങി; 67 മരണം

ഇസ്‌ലാമാബാദ്: പെഷാവറിലെ സൈനിക സ്‌കൂള്‍ വിദ്യാര്‍ഥികളെ കൊലപ്പെടുത്തിയതിനു തിരിച്ചടിയായി പാകിസ്താന്‍ സേന നടത്തിയ ആക്രമണത്തില്‍ 57 പാക് താലിബാന്‍കാര്‍ കൊല്ലപ്പെട്ടു. മനുഷ്യബോംബുകള്‍ക്കു പരിശീലനം നല്‍കുന്നുവെന്നു കരുതപ്പെടുന്ന ഖൈബര്‍ ഗോത്രമേഖലയിലാണ് സൈന്യം വ്യാപകമായി വ്യോമാക്രണം നടത്തിയത്.

ഖൈബര്‍ മേഖലയിലെ തിറാ താഴ്‌വരയിലുള്ള താലിബാന്‍ ഒളിത്താവളങ്ങളില്‍ 20 തവണ സൈന്യം വ്യോമാക്രമണം നടത്തിയതായി സൈനിക വക്താവ് പറഞ്ഞു. സ്‌കൂള്‍ ആക്രമണത്തില്‍ പങ്കാളികളായവര്‍ക്ക് ബറാ മേഖലയില്‍ പരിശീലനം ലഭിച്ചിട്ടുണെ്ടന്ന റിപോര്‍ട്ടുകളെ തുടര്‍ന്നാണ് സൈനിക നടപടി തുടങ്ങിയത്.

ഇപ്പോള്‍ നടന്നുവരുന്ന സൈനിക നടപടി പുനരവലോകനം ചെയ്യുമെന്നു സൈന്യം അറിയിച്ചു. ഭീകരതയെ നേരിടാനുള്ള ദേശീയ പദ്ധതി ഒരാഴ്ചയ്ക്കകം പ്രഖ്യാപിക്കുമെന്നു പ്രധാനമന്ത്രി നവാസ് ശരീഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഖൈബര്‍ മേഖല മുഴുവന്‍ ഭീകരവിമുക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം, ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട് വധശിക്ഷ കാത്തുകഴിയുന്ന 17 പേരെ തൂക്കിലേറ്റാന്‍ സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കി. ഇവരെ ഏതാനും ദിവസങ്ങള്‍ക്കകം തൂക്കിലേറ്റുമെന്നു മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇവരടക്കം 55 പേരുടെ ദയാഹരജി സുപ്രിംകോടതിയും രാഷ്ട്രപതി മംനൂന്‍ ഹുസയ്‌നും തള്ളിയിരുന്നു. 17 പേര്‍ക്കെതിരേ മരണ വാറന്റ് പുറപ്പെടുവിക്കുമെന്നും ഇവരുമായി അന്തിമ കൂടിക്കാഴ്ച നടത്താന്‍ ബന്ധുക്കളെ വിളിച്ചുവരുത്തുമെന്നും ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപോര്‍ട്ട് ചെയ്തു.

വധശിക്ഷയ്ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത് പെഷാവര്‍ ആക്രമണത്തെ തുടര്‍ന്ന് സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.

Top