അമേരിക്കയുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി പാക്കിസ്ഥാന്‍ : തീവ്രവാദികള്‍ക്ക് നിരോധനം

ഇസ്‌ലാമാബാദ്: അമേരിക്കയുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി ജമാഅത്തുദ്ദഅ്‌വ, ഹഖാനി തീവ്രവാദി ഗ്രൂപ്പുകള്‍ക്ക് പാക്കിസ്ഥാന്‍ നിരോധനം ഏര്‍പ്പെടുത്തി. ഇവരെ നിരോധിക്കണമെന്ന് നേരത്തെ തന്നെ അമേരിക്ക ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിക്ക് കാലതാമസമെടുക്കുകയായിരുന്നുവെന്ന് ഡോണ്‍ പത്രം ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു.

തഹ്‌രീകെ താലിബാന്‍ കഴിഞ്ഞ ഡിസംബര്‍ 16ന് പെഷാവറിലെ സൈനിക സ്‌കൂളിന് നേരെ ആക്രമണം നടത്തി നൂറുകണക്കിന് പേരെ വധിച്ചിരുന്നു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗം പേരും കുട്ടികളായിരുന്നു. ഇതിന് ശേഷം തീവ്രവാദികള്‍ക്കെതിരെ ശക്തമായ നടപടികളാണ് പാക്കിസ്ഥാന്‍ സ്വീകരിച്ചുവരുന്നത്. ഹഖാനി, ജമാഅത്തുദ്ദഅ്‌വ എന്നിവക്ക് പുറമെ, ഹര്‍കത്തുല്‍ ജിഹാദി ഇസ്‌ലാമി, ഹര്‍കത്തുല്‍ മുജാഹിദീന്‍, ഫലാഹെ ഇന്‍സാനിയ്യത് ഫൗണ്ടേഷന്‍, ഉമ്മ തമീര്‍, ഹാജി ഖൈറുല്ല ഹജ്ജി സത്താര്‍ മണി എക്‌സ്‌ചേഞ്ച്, റാഹത്ത് ലിമിറ്റഡ്, റോഷന്‍ മണി എക്‌സ്‌ചേഞ്ച്, അല്‍ അഖ്തര്‍ ട്രസ്റ്റ്, അല്‍ റാശിദ് ട്രസ്റ്റ് എന്നിവക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിരോധിത സംഘടനകളുടെ സമ്പാദ്യങ്ങള്‍ എത്രയും പെട്ടെന്ന് മരവിപ്പിക്കാനും ബന്ധപ്പെട്ട മന്ത്രാലയത്തോട് പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടു.

അഫ്ഗാനിസ്ഥാനില്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സഖ്യസേനക്കെതിരെ ഏറ്റവും ശക്തമായ ആക്രമണം നടത്തിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്ന സംഘടനയും ഹഖാനി ഗ്രൂപ്പായിരുന്നു. ജലാലുദ്ദീന്‍ ഹഖാനിയാണ് ഈ ഗ്രൂപ്പിന്റെ സ്ഥാപകനായി അറിയപ്പെടുന്നത്. 2012 സെപ്തംബറില്‍ ഹഖാനി ഗ്രൂപ്പിനെ അമേരിക്ക ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു.
2008ല്‍ മുംബൈയില്‍ നടന്ന തീവ്രവാദി ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഹാഫിസ് മുഹമ്മദ് സഈദിന്റെ നേതൃത്വത്തിന്റെ പ്രവര്‍ത്തിക്കുന്ന ജമാഅത്തുദ്ദഅ്‌വയാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Top