പാക്കിസ്ഥാന്‍ ഇരുചക്ര വാഹനവിപണിയില്‍ ആധിപത്യം ലക്ഷ്യമിട്ട് ഹോണ്ട

പാക്കിസ്ഥാന്‍ ഇരുചക്രവാഹന വിപണിയില്‍ പിടിമുറുക്കാന്‍ ജാപ്പനീസ് നിര്‍മാതാക്കളായ ഹോണ്ട ഒരുങ്ങുന്നു. പാകിസ്ഥാനിലെ ഷെയ്ഖ്പുരയിലെ നിര്‍മാണശാലയുടെ ഉല്‍പ്പാദന ശേഷി ഇരട്ടിയാക്കാനാണു ഹോണ്ടയുടെ പദ്ധതി.

നിലവില്‍ ആറു ലക്ഷം യൂണിറ്റാണു ശാലയുടെ വാര്‍ഷിക ഉല്‍പ്പാദനശേഷി. പാകിസ്ഥാന്‍ മോട്ടോര്‍ സൈക്കിള്‍ വിപണിയില്‍ പ്രതീക്ഷിക്കുന്ന വളര്‍ച്ച മുതലെടുക്കാനായി ശെയ്ഖ്പുര ശാലയുടെ ശേഷി മൂന്നു വര്‍ഷത്തിനകം 12 ലക്ഷം യൂണിറ്റിലെത്തിക്കാനാണു ഹോണ്ടയുടെ നീക്കം. വികസന പദ്ധതിക്കായി അഞ്ചു കോടി ഡോളര്‍(ഏകദേശം 527.12 കോടി പാകിസ്ഥാനി രൂപ) ആണു ചെലവ് പ്രതീക്ഷിക്കുന്നത്. ഒപ്പം 1,800 പുതിയ തൊഴിലവസരങ്ങളും ഇതുവഴി സൃഷ്ടിക്കപ്പടുമെന്നാണു പ്രതീക്ഷ.’

വികസനത്തിന്റെ ആദ്യഘട്ടത്തില്‍ ഷെയ്ഖ്പുര ശാലയില്‍ പുതിയ പ്രൊഡക്ഷന്‍ ലൈന്‍ സ്ഥാപിക്കാനാണു ഹോണ്ടയുടെ തീരുമാനം; അടുത്ത ഒക്ടോബറോടെ ഈ ലൈന്‍ പ്രവര്‍ത്തനക്ഷമമാവുമെന്നാണു കരുതുന്നത്. തുടര്‍ന്ന് ഘട്ടം ഘട്ടമായിട്ടാവും ശാലയുടെ ഉല്‍പ്പാദന ശേഷി 12 ലക്ഷം യൂണിറ്റോളം ഉയര്‍ത്തുക. ശാലയിലെ വികസന പ്രവര്‍ത്തനം പൂര്‍ത്തിയാവുന്നതോടെ പാകിസ്ഥാനിലെ ഹോണ്ടയുടെ മൊത്തം ഇരുചക്രവാഹന ഉല്‍പ്പാദന ശേഷി 13.50 ലക്ഷം യൂണിറ്റായിട്ടാണ് ഉയരുക.

പാകിസ്ഥാനില്‍ ഹോണ്ടയ്ക്കു രണ്ടു മോട്ടോര്‍ സൈക്കിള്‍ നിര്‍മാണശാലകളാണുള്ളത്: ദക്ഷിണ മേഖലയിലെ കറാച്ചിയിലും വടക്കുകിഴക്കന്‍ ഭാഗത്തെ ഷെയ്ഖ്പുരയിലും. കറാച്ചി ശാലയില്‍ പ്രതിവര്‍ഷം 1.50 ലക്ഷം യൂണിറ്റാണു നിലവിലെ ഉല്‍പ്പാദനശേഷി; ഷെയ്ഖ്പുരയില്‍ ആറു ലക്ഷം യൂണിറ്റും. ഹോണ്ട ‘സി ഡി 70’, ‘സി ഡി ഡ്രീം’, ‘പ്രൈഡര്‍’, ‘സി ജി 125’, ‘സി ജി ഡ്രീം’, ‘ഡീലക്‌സ്’ എന്നീ ബൈക്കുകളാണു ഹോണ്ട ഷെയ്ഖ്പുരയില്‍ ഉല്‍പ്പാദിപ്പിക്കുന്നത്.

Top