പാമോലിന്‍ കേസ് അവസാനിപ്പിക്കണമെന്ന സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: പാമോലിന്‍ കേസില്‍ സര്‍ക്കാരിന് തിരിച്ചടി. കേസ് അവസാനിപ്പിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. കേസ് അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചു.

കേസില്‍ വിചാരണ നടപടികള്‍ തുടരാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കുറ്റകൃത്യം നടന്നെന്ന് അന്തിമ റിപ്പോര്‍ട്ടിലുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കേസ് പിന്‍വലിച്ചതില്‍ ജനത്തിന് ആശങ്കയുണ്ട്. കേസ് പിന്‍വലിച്ചത് എന്തിനെന്ന് പൊതുജനം അറിയണം. സര്‍ക്കാര്‍ വാദങ്ങള്‍ വിചാരണ സമയത്ത് പരിഗണിക്കാമെന്നും കോടതി നിരീക്ഷിച്ചു.

വി.എസിനും സുനില്‍ കുമാറിനും കേസില്‍ ഇടപെടാമെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസ് പിന്‍വലിക്കാനുള്ള അപേക്ഷ നേരത്തേ വിജിലന്‍സ് കോടതിയും തള്ളിയിരുന്നു. ഇതിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

പാമോലിന്‍ അഴിമതിക്കേസില്‍ പ്രതിയായ ജിജി തോംസണെ സംസ്ഥാന ചീഫ് സെക്രട്ടറിയായി നിയമിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടതിന് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമാണ് കോടതിയുടെ വിധി.

Top