പാര്‍ട്ടിയില്‍ മടുത്തെന്ന് വി.എസ്; സമ്മേളനത്തിലേക്ക് മടങ്ങാനുള്ള സാധ്യത മങ്ങുന്നു

തിരുവനന്തപുരം: സമ്മേളനവേദിയില്‍ നിന്നും കലഹിച്ചിറങ്ങിയ വി.എസ്. അച്യുതാനന്ദന്‍ തിരുവനന്തപുരത്തേക്കു മടങ്ങിയതോടെ സമ്മേളനത്തിന്റെ തുടര്‍നടപടികളില്‍ വി.എസിന്റെ സാന്നിധ്യമുണ്ടാകാനുള്ള സാധ്യത മങ്ങുന്നു. തിരുവനന്തപുരത്തെ വീട്ടില്‍ വി.എസ് വിശ്വസ്തരുമായി കൂടിക്കാഴ്ച നടത്തി. പാര്‍ട്ടിയില്‍ തനിക്കു മടുത്തെന്ന നിലപാടാണ് ഇവരോട് വി.എസ്. പങ്കു വച്ചത്.

കാത്തുകെട്ടി കിടന്നിട്ടു കാര്യമില്ലെന്നും പ്രമേയത്തില്‍ പറയുന്നതു പോലെ താന്‍ പാര്‍ട്ടി വിരുദ്ധനാണെങ്കില്‍ പിന്നെന്തിനു സമ്മേളന വേദിയില്‍ ഇരിക്കണമെന്നും വി.എസ് വിശ്വസ്തരോടു ചോദിച്ചു. താന്‍ ഉന്നയിച്ച കാര്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമേ നിലപാടു മയപ്പെടുത്തു എന്നും വി.എസ് തന്നെ സന്ദര്‍ശിച്ചവരോടു വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ പ്രമേയം പിന്‍വലിക്കുന്ന കാര്യം ആലോചിക്കുക പോലും വേണ്ടെന്ന നിലപാടിലാണ് പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വം. വി.എസ് എന്തു നിലപാടു സ്വീകരിച്ചാലും സമ്മേളനം അതിന്റെ വഴിക്കു നടക്കുമെന്നും ഇവര്‍ പറയുന്നു.

Top