പി.സി ജോര്‍ജ്ജിന്റെ പരാതി സ്പീക്കര്‍ തള്ളി; ജോര്‍ജിനെതിരെ നടപടി തുടരും

തിരുവനന്തപുരം: പി.സി ജോര്‍ജ്ജിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് ‘എം’ നല്‍കിയ പരാതി നിലനില്‍ക്കുമെന്ന് സ്പീക്കര്‍ എന്‍.ശക്തന്‍.

പരാതി നിലനില്‍ക്കില്ലെന്നും തള്ളണമെന്നുമുള്ള ജോര്‍ജ്ജിന്റെ തടസവാദം നിലനില്‍ക്കില്ലെന്നും സ്പീക്കര്‍ അറിയിച്ചു. ഇരു വിഭാഗങ്ങളുടെയും വാദം കേട്ട ശേഷമാണ് സ്പീക്കര്‍ വിധി പ്രഖ്യാപിച്ചത്.

പരാതിയിന്മേല്‍ ജോര്‍ജിന് പറയാനുള്ള കാര്യങ്ങള്‍ 23നു വൈകുന്നേരം നാലിന് മുന്‍പ് സ്പീക്കറെ അറിയിക്കാം. തെളിവെടുപ്പിനായി 26-ന് ഇരുകക്ഷികളും ഹാജരാകണം.

അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ജോര്‍ജ് പാര്‍ട്ടി പിന്തുണച്ച മുന്നണി സ്ഥാനാര്‍ഥിക്കെതിരേ മറ്റൊരു സ്ഥാനാര്‍ഥിയെ നിര്‍ത്തിയതോടെയാണ് കേരള കോണ്‍ഗ്രസ്-എം കൂറുമാറ്റ നിരോധന നിയമം അനുസരിച്ച് സ്പീക്കര്‍ക്കു പരാതി നല്കിയത്. ജോര്‍ജിനെ എംഎല്‍എ സ്ഥാനത്തു നിന്നും പുറത്താക്കണമെന്നാണ് കേരള കോണ്‍ഗ്രസ്-എമ്മിന്റെ ആവശ്യം.

അതേസമയം സ്പീക്കറുടെ വിധിക്കെതിരെ വെള്ളിയാഴ്ച തന്നെ കോടതിയെ സമീപിക്കുമെന്നും സ്പീക്കറെ കുറ്റപ്പെടുത്താനില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു.

തോമസ് ഉണ്യാടനും നിയമസഭാ സെക്രട്ടറിയും ചേര്‍ന്ന് വ്യാജരേഖ ചമച്ചുവെന്ന് പി.സി ജോര്‍ജ് ആരോപിച്ചു. ഹര്‍ജിയില്‍ പല തെളിവുകളും വെരിഫിക്കേഷന്‍ നടത്തിയിരുന്നില്ല. എന്നാല്‍ പിന്നീട് ഇവ വെരിഫൈ ചെയ്തതായികാണുന്നു. വ്യാജരേഖ ചമച്ചതിനെതിരെ താന്‍ നല്‍കിയ ഹര്‍ജി സ്പീക്കര്‍ സ്വീകരിച്ചതായും ജോര്‍ജ് വ്യക്തമാക്കി.

Top