തിരുവനന്തപുരം : പുഴുവരിച്ച രോഗിക്ക് സൗജന്യ ചികില്‍സ നല്‍കുമെന്ന് സര്‍ക്കാര്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെ കോവിഡ് പോസിറ്റീവായ വ്യക്തിയെ വീട്ടിലേക്ക് പറഞ്ഞയച്ചത് ദേഹമാസകലം പുഴുവരിച്ച നിലയില്‍ ആണെന്ന വാർത്ത ഇന്ന് രാവിലെയാണ് പുറത്തുവന്നത്. വീണു പരുക്കേറ്റ് ചികില്‍സ തേടിയ വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍കുമാറിനാണ് ഈ അവസ്ഥ ഉണ്ടായത്. കുടുംബം ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇന്നലെ മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് കൊണ്ടു വന്ന അനില്‍കുമാറിന്റെ ദേഹത്ത് അസഹ്യമായ ദുര്‍ഗന്ധത്തിന്റെ ഉറവിടം തേടിയപ്പോള്‍ മേലാസകലം മുറിവുകളും പുഴുക്കളും ഉണ്ടായിരുന്നു.
ഓഗസ്ററ് 21ന് കൂലിപ്പണി കഴിഞ്ഞ് മടങ്ങിവരുംവഴി തെന്നിവീണാണ് അനില്‍കുമാറിന് പരുക്ക് പറ്റിയത്. ആദ്യം പേരൂര്‍ക്കട ആശുപത്രിയിലെത്തിച്ച അനില്‍കുമാറിനെ 22 ന് പുലര്‍ച്ചെ മെഡിക്കല്‍ കോളജ് ഐസിയുവിലേയ്ക്ക് മാറ്റി . ചികില്‍സയിലിരിക്കെ ഈ മാസം 6ന് കോവിഡ് സ്ഥിരീകരിച്ചു. കൂട്ടിരുന്ന കുടുംബാംഗങ്ങളോട് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചു. കോവിഡ് വാര്‍ഡില്‍ ചികില്‍സയില്‍ കഴിയുന്ന അച്ഛനേപ്പററി മക്കള്‍ അന്വേഷിച്ചപ്പോഴൊക്കെ സുഖമായിരിക്കുന്നുവെന്നായിരുന്നു മറുപടി. 26 ന് അനില്‍കുമാറിന് കോവിഡ് നെഗററീവായെന്നും തിരികെ കൊണ്ടുപോകാനും നിര്‍ദേശിച്ചു. വീട്ടിലെത്തിച്ചപ്പോള്‍ കണ്ടത് ഒരുമാസത്തെ ചികില്‍സയില്‍ എല്ലും തോലുമായ ഒരു ശരീരവും കോവിഡ് വാര്‍ഡിലേയ്ക്ക് കയറ്റുമ്പോള്‍ വരെ ആരോഗദൃഢഗാത്രനായിരുന്ന ഒരാളെ ഈ അവസ്ഥയില്‍ കാണുമ്പോള്‍ ഭക്ഷണമെങ്കിലും കൊടുത്തിരുന്നോ എന്ന സംശയവും കുടുംബം പരാതിയില്‍ ഉന്നയിക്കുന്നു.