ന്യൂഡല്‍ഹി: പൊതു മേഖലാ ബാങ്കുകളില്‍ കേന്ദ്ര സര്‍ക്കാര്‍ 6990 കോടി രൂപ നിക്ഷേപിക്കും. മൂലധനം വര്‍ധിപ്പിക്കാനും ആഗോളതലത്തിലെ വെല്ലുവിളികള്‍ ഏറ്റെടുക്കാനുമായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ സഹായം ലഭ്യമാക്കുന്നത്. എസ് ബി ഐ, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷനല്‍ ബാങ്ക് തുടങ്ങിയ ബാങ്കുകള്‍ക്കാണ് കേന്ദ്രത്തിന്റെ സഹായം.
2014 – 15 കാലയളവില്‍ അനുവദിച്ച 11200 കോടി രൂപയുടെ ആദ്യ വിഹിതമാണ് ഇത്. എസ് ബി ഐക്കാണ് കൂടുതല്‍ തുക ലഭിക്കുക; 2970 കോടി രൂപ. ബേങ്ക് ഓഫ് ബറോഡക്ക് 1260 കോടിയും പി എന്‍ ബിക്ക് 870 കോടിയും കാനറ ബേങ്കിന് 570 കോടിയും ലഭിക്കും. ഈ വര്‍ഷത്തെ ബജറ്റിന് പുറമെ 6990 കോടി രൂപ നിക്ഷേപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതായും അതിനുള്ള ഉത്തരവ് ഇറങ്ങിയതായും ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
ബാങ്കുകളുടെ പ്രകടനം അടിസ്ഥാനമാക്കിയാണ് തുക അനുവദിച്ചത്. സ്വത്തിന്റെ തിരിച്ചെടുക്കല്‍ അടിസ്ഥാനമാക്കിയാണ് ഇത്. ശരാശരിക്ക് മുകളില്‍ സ്വത്ത് തിരിച്ചെടുത്ത എല്ലാ ബാങ്കുകളെയും ഈ ഗണത്തില്‍ പെടുത്തിയിട്ടുണ്ട്. ഇക്വിറ്റി റിട്ടേണാണ് രണ്ടാമത്തെ മാനദണ്ഡം.
2011-14 കാലയളവില്‍ സംസ്ഥാന ബാങ്കുകള്‍ക്ക് 58600 കോടി രൂപ കേന്ദ്രം നിക്ഷേപിച്ചിരുന്നു. സംസ്ഥാന ബാങ്കുകള്‍ക്ക് നിരവധി പരിഷ്കരണങ്ങള്‍ അനിവാര്യമാണെന്ന നിലപാടിലാണ് കേന്ദ്രം.
സിന്‍ഡിക്കേറ്റ് ബാങ്കിന് 460 കോടിയും അലബഹാദ് ബാങ്കിന് 320 കോടിയും ഇന്ത്യന്‍ ബാങ്കിന് 280 കോടിയും ദേന ബാങ്കിന് 140 കോടുയം ആന്ധ്ര ബാങ്കിന് 120 കോടിയും ലഭിക്കും. ബാക്കി വരുന്ന 4210 കോടി രൂപയെ സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം പിന്നീട് കൈക്കൊള്ളും. മാര്‍ച്ച് 31ന് മുമ്പ് മുഴുവന്‍ തുകയും വിനിയോഗിക്കും.