പൊലീസ് നിഷ്‌ക്രിയമെന്ന് ഹൈക്കോടതി; എന്‍.ജി.ഒകള്‍ക്കെതിരെ പൊലീസ് ചീഫ്‌

തിരുവനന്തപുരം: പൗരാവകാശം സംരക്ഷിക്കുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് ഹൈക്കോടതി. ചില മനുഷ്യാവകാശ പ്രസ്ഥാനങ്ങള്‍ പൊലീസിന്റെ മനോവീര്യം കെടുത്തുകയാണെന്ന് സംസ്ഥാന പൊലീസ് മേധാവി.

രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് ഹൈക്കോടതിയുടെയും പൊലീസ് മേധാവിയുടെയും വേറിട്ട അഭിപ്രായം പുറത്ത് വന്നത്.

കൊല്ലം കുണ്ടറയില്‍ ബന്ധുക്കളുടെ മര്‍ദ്ദനമേറ്റ വീട്ടമ്മയുടെ പരാതി പരിഗണിച്ച ജസ്റ്റീസ് അലക്‌സാണ്ടര്‍ തോമസ്, പൊലീസിന്റെ നിഷ്‌ക്രിയത്വം മൂലം പൗരന്മാര്‍ക്ക് പലപ്പോഴും കോടതിയെ സമീപിക്കേണ്ടി വരികയാണെന്നും ഇങ്ങനെയാണെങ്കില്‍ ബീഹാറും കേരളവും തമ്മില്‍ എന്ത് വ്യത്യാസമാണെന്നും തുറന്നടിക്കുകയായിരുന്നു.

സംസ്ഥാന ആഭ്യന്തര വകുപ്പിനുള്ള കനത്ത പ്രഹരമായിരുന്നു ഹൈക്കോടതിയുടെ ഈ നിരീക്ഷണം.

മനോരമ ചാനലിന്റെ ‘നേരെ ചൊവ്വേ’ പരിപാടിയിലാണ് ഡി.ജി.പി ടി.പി സെന്‍കുമാര്‍ വ്യത്യസ്ത നിലപാട് പ്രകടിപ്പിച്ചത്.

സംസ്ഥാനത്തെ ചില മനുഷ്യാവകാശ പ്രസ്ഥാനങ്ങള്‍ പൊലീസിന്റെ മനോവീര്യം കെടുത്തുകയാണെന്നും ക്രിമിനല്‍ കേസുകളിലെ പ്രതികളെ സംരക്ഷിക്കാന്‍ വേണ്ടി മാത്രമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രസ്ഥാനങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സമൂഹത്തിന്റെ രക്ഷയ്ക്ക് വേണ്ടി ജീവന്‍ പണയംവച്ച് പൊലീസ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കാണുന്നില്ല.

പത്തും ഇരുപതും കേസുകളില്‍ പ്രതികളായവര്‍ക്ക് വേണ്ടിയാണ് ഇവരില്‍ പലരും രംഗത്ത് വരുന്നത്. ഇത് ദേശീയ സുരക്ഷയെപോലും ബാധിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Top