പാലക്കാട്: കൂട്ടുപാത പൊള്ളാച്ചി റോഡില്‍ നിയന്ത്രണംവിട്ട ഗ്യാസ് ടാങ്കര്‍ മറിഞ്ഞു. ഗ്യാസ് ചോര്‍ച്ചയുണ്ടാകാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി.
മംഗലാപുരത്തു നിന്നും മധുരയിലേക്കു ഗ്യാസുമായി പോയ ടാങ്കറാണ് മറിഞ്ഞത്. ഇരുപതു ടണ്ണോളം ഗ്യാസ് ടാങ്കറിലുണ്ടായിരുന്നു. എതിരേ നിന്നും വന്ന ജീപ്പ് കാറിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് ടാങ്കറില്‍ ഇടിച്ചു. ഇതേതുടര്‍ന്ന് ടാങ്കര്‍ നിയന്ത്രണംവിട്ട് റോഡരികിലെ നാല് ഇലക്ട്രിക് പോസ്റ്റുകള്‍ ഇടിച്ചു തകര്‍ത്ത് മറിയുകയായിരുന്നു.
ടാങ്കറിന്റെ മുന്‍ ഭാഗത്തെ ഇരുചക്രങ്ങളും ജീപ്പിന്റെ ഇടിയുടെ ആഘാതത്തില്‍ ഊരിത്തെറിച്ചു പോയി. ജീപ്പിലെ യാത്രക്കാരനായ ഒരാള്‍ക്കു നിസാര പരിക്കേറ്റു. കഞ്ചിക്കോടു നിന്നു ഫയര്‍ഫോഴ്സ്, ട്രാഫിക്, കസബ പൊലീസുകാര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കോയമ്പത്തൂരില്‍ നിന്നും ക്രെയിന്‍ കൊണ്ടുവന്നു ടാങ്കര്‍ ഉയര്‍ത്താനുള്ള ശ്രമം തുടങ്ങി. ഇതേതുടര്‍ന്ന് സ്ഥലത്തെ വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.