ഓണാഘോഷത്തിന്‌ കോഴിക്കോട് കളക്ടറുടെ ‘പ്രേമം’ വേഷം; നാണം കെടുത്തുന്ന നാടകം

കോഴിക്കോട്: സോഷ്യല്‍ മീഡിയയെ ഉപയോഗിച്ച് പാവപ്പെട്ടവര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കുന്ന ഓപ്പറേഷന്‍ സുലൈമാനി അടക്കമുള്ള ജനകീയ പദ്ധതികള്‍ നടപ്പാക്കിയ കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍. പ്രശാന്ത് ഡി.സി.സി പ്രസിഡന്റ് കെ.സി അബുവുമായുള്ള പോരുതീര്‍ക്കാന്‍ പ്രേമം സിനിമയിലെ നായകവേഷം കെട്ടിയത് നാണക്കേടാകുന്നു.

ഡി.ടി.പി.സിയുടെ ഓണാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് ബീച്ചില്‍ നടന്ന വിനീത് ശ്രീനിവാസന്റെ സംഗീതപരിപാടിക്കുമുന്നോടിയായിരുന്നു കളക്ടറും ഡി.സി.സി പ്രസിഡന്‍ും ചേര്‍ന്നഭിനയിച്ച കോമാളി നാടകം അരങ്ങേറിയത്.

രാഷ്ട്രീയ നേതാവിനെ പ്രീണിപ്പിക്കാന്‍ സിനിമാ നായകന്റെ വേഷം കെട്ടി സ്റ്റേജില്‍വന്ന് കോമാളിക്കളി നടത്തേണ്ടയാളാണോ കളക്ടറെന്നാണ് കോഴിക്കോട്ടുകാരുടെ ചോദ്യം. കളക്ടറുടെ നല്ല ഭരണപരിഷ്‌ക്കാരണങ്ങളെ കൈയ്യടിച്ചു പ്രോത്സഹിപ്പിച്ചവര്‍പോലും വേഷം കെട്ടലില്‍ കുറ്റപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ്.

കളക്ടര്‍ ഫോണ്‍ വിളിച്ചാല്‍ എടുക്കുന്നില്ലെന്നാണ് ഡി.സി.സി പ്രസിഡന്റ് പൊതുവേദിയില്‍ പരാതി ഉയര്‍ത്തിയത്. ഡി.സി.സി പ്രസിഡന്റിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരുന്നു. കളക്ടര്‍ക്ക് കോഴിക്കോട്ടുകാര്‍ ശക്തമായ പിന്തുണയാണ് നല്‍കിയത്.

ആഭ്യന്ത്രമന്ത്രി രമേശ് ചെന്നിത്തലയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പ്രശാന്ത് പിന്നീട് കെ.സി അബുവുമായി സംസാരിച്ച് പ്രശ്‌നം പരിഹരിച്ചാണ് ഇരുവരും സൗഹൃദത്തിലാണെന്ന് ജനങ്ങളെ അറിയിക്കാന്‍ വിഡ്ഢി വേഷം കെട്ടിയത്.

ചില സിനിമകളില്‍ മുഖം കാണിച്ച അബു മാവേലി വേഷം കെട്ടിയാണ് എത്തിയത്. ചിത്രഗുപ്തനായി ഒപ്പം ഡി.സി.സി സെക്രട്ടറി അഡ്വ എം.രാജനും ഒപ്പമുണ്ടായിരുന്നു.

നിയമസഭയിലെ പ്രതിപക്ഷ എം.എല്‍.എമാരുടെ പ്രതിഷേധത്തില്‍ വനിതാ എം.എല്‍.എമാര്‍ക്കെതിരെ ലൈംഗിക ചുവയില്‍ ആരോപണം ഉയര്‍ത്തി നേരത്തെ കെ.സി അബു വാര്‍ത്തയില്‍ നിറഞ്ഞിരുന്നു.

ബിജിമോള്‍ എം.എല്‍.എ, മന്ത്രി ഷിബു ബേബിജോണ്‍ എന്നിവരെ ചേര്‍ത്ത് ലൈംഗിക ചുവയുള്ള കമന്റ് പറഞ്ഞ് പ്രസംഗിച്ചതിന് ഷിബു ബേബി ജോണ്‍ അബുവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞ് രംഗത്തെത്തുകയും ചെയ്തിരുന്നു. അബുവിന്റെ പ്രസംഗത്തെ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ തള്ളിപ്പറഞ്ഞതോടെ അബു ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

വിഡ്ഢിവേഷം കെട്ടിയാണെങ്കിലും വാര്‍ത്തകളില്‍ നിറയാന്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് മടിയുണ്ടാകാറില്ല. കെ.സി അബുവിന്റെ നടപടി ഇത്തരത്തില്‍ രാഷ്ട്രീയ നേതാക്കളുടെ പ്രകടനമായി കാണാമെങ്കിലും ജില്ലാ ഭരണത്തിന്റെ ചുമതലയുള്ള കളക്ടര്‍ കോമാളി വേഷം കെട്ടിയെത്തി രാഷ്ടീയ നേതൃത്വത്തെ തൃപ്തിപ്പെടുത്തുന്നത് കേട്ടുകേള്‍വിയില്ലാത്തതാണ്.

സംസ്ഥാനത്തെ ഐ.എ.എസുകാരെ ആകെ നാണം കെടുത്തുന്ന പരിപാടിയാണ് കളക്ടര്‍ പ്രശാന്തിന്റെ ഭാഗത്ത് നിന്നുണ്ടായത്.

Top