തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തില്‍ പുതിയ വെളിപ്പെടുത്തലുകളും ശബ്ദ രേഖയും പുറത്തു വിട്ട് മന്ത്രി കെ.എം മാണിയേയും സര്‍ക്കാരിനേയും പ്രതിസന്ധിയിലാക്കി ബാറുടമ ബിജു രമേശ് മുന്നോട്ട് പോകുമ്പോള്‍ അന്തം വിട്ട് പ്രതിപക്ഷം.
ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് വിജിലന്‍സ് എസ്.പിക്ക് മുന്‍പാകെ ബിജു രമേശ് നല്കുന്ന ബാറുടമകളുടെ യോഗത്തിലെ ശബ്ദരേഖയാണ് ചാനലുകള്‍ വഴി പുറത്തു വിട്ടത്. മാണിക്ക് വിവിധ ഘട്ടങ്ങളിലായി കോഴ നല്കുന്ന വിവരവും മന്ത്രി വസതിയില്‍ നോട്ട് എണ്ണുന്ന യന്ത്രമടക്കമുണ്ടെന്ന വിവരങ്ങളും സംഭാഷണത്തില്‍ പുറത്തായിട്ടും പ്രതിഷേധം ചാനല്‍ ചര്‍ച്ചയിലെ വാക്കുകളില്‍ ഒതുക്കുകയായിരുന്നു ഇടതുപക്ഷം.
മാണിയെ അറസ്റ്റ് ചെയ്ത് ജയിലിലടക്കണമെന്നടക്കം പറഞ്ഞ് ഇടതുപക്ഷ കണ്‍വീനര്‍ വൈക്കം വിശ്വന്, പ്രതിപക്ഷ നേതാവ് കോടിയേരി ബാലകൃഷ്ണന്, മുന്‍ ധനകാര്യ മന്ത്രി തോമസ് ഐസക്ക് എന്നിവര്‍ ശബ്ദ രേഖയോടുള്ള തങ്ങളുടെ പ്രതികരണം വ്യക്തമാക്കിയെങ്കിലും ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങാന്‍ ഇതുവരെ ഇടതുപക്ഷ പ്രവര്‍ത്തകര്‍ തയ്യാറായിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
ഒരു മന്ത്രിക്കെതിരെ കോഴ ആരോപണത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടും തുടര്‍ തെളിവുകള്‍ പുറത്തായിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന ഡിവൈഎഫ്ഐ അടക്കമുള്ള ഇടത് യുവജന സംഘടനകളുടെ നീക്കം ഭരണപക്ഷത്തെ പോലും അദ്ഭുതപ്പെടുത്തിയിരിക്കുകയാണ്.
മുന്‍ കാലങ്ങളില്‍ ഏതെങ്കിലും ഭരണപക്ഷ മന്ത്രിക്കെതിരെ ചെറിയ ആരോപണങ്ങള്‍ ഉയര്‍ന്നാല്‍ പോലും കരിങ്കൊടി പ്രകടനവും മന്ത്രിമാരെ തെരുവില്‍ തടയുന്നതടക്കമുള്ള പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ഇടത് യുവജന സംഘടനകള്‍ അത്തരം സമരങ്ങളില്‍ നിന്ന് പിന്നോട്ട് പോയി പ്രസ്താവനാ യുദ്ധം നടത്തുന്നത് ഇടത് മുന്നണി അണികളിലും കടുത്ത അതൃപ്തിക്ക് കാരണമായിട്ടുണ്ട്.
മാണിയെ യുഡിഎഫില്‍ നിന്ന് അടര്‍ത്തി മാറ്റി സര്‍ക്കാരിനെ താഴെയിടാന്‍ സിപിഎം നടത്തിയ നീക്കം പാളിയത് ബിജു രമേശിന്റെ വിവാദ കോഴയാരോപണത്തെ തുടര്‍ന്നായിരുന്നു.
ബാര്‍ കോഴ കേസ് അന്വേഷിക്കുന്ന എഡിജിപി ജേക്കബ് തോമസിനെ ചുമതലയില്‍ നിന്ന് മാറ്റാന്‍ സര്‍ക്കാരിന് ധൈര്യം പകരുന്നതും പ്രതിപക്ഷത്തിന്റെ ഈ അനങ്ങാപ്പാറ നയമാണ്.
സര്‍ക്കാരിനെതിരെ ബാറുടമ ബിജു രമേശ് ആഞ്ഞടിക്കുന്നത് നാണം കെട്ട് നോക്കി നില്‍ക്കേണ്ട അവസ്ഥയാണ് ഇപ്പോള്‍ ചെമ്പടക്കുള്ളത്. ശരിക്കും പ്രതിപക്ഷ നേതാവിന്റെ റോളാണ് ബിജു രമേശ് ഇപ്പോള്‍ നിര്‍വഹിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെയും കമന്റ്.
സിപിഎം ജില്ലാ സമ്മേളനങ്ങള്‍ നടക്കുന്നത് കൊണ്ടാണ് പ്രത്യക്ഷ സമരത്തിന് ബുദ്ധിമുട്ട് നേരിടുന്നതെന്ന വാദം സിപിഎം നേതാക്കള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും ഏരിയ- ലോക്കല്‍ ബ്രാഞ്ച് സമ്മേളനങ്ങള്‍ പൂര്‍ത്തീകരിച്ച സാഹചര്യത്തില്‍ ഈ വാദത്തിന് കഴമ്പില്ലെന്ന നിലപാടിലാണ് അണികള്‍.