നരേന്ദ്ര മോഡിക്കെതിരെ മുഖപ്രസംഗവുമായി അമേരിക്കന്‍ ദിനപത്രം ന്യൂയോര്‍ക്ക് ടൈംസ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ന്യൂയോര്‍ക്ക് ടൈംസ്. ഇന്ത്യയില്‍ മത അസഹിഷ്ണുത നിലനില്‍ക്കുന്നുവെന്ന അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ നടത്തിയ വിമര്‍ശനത്തിന് തൊട്ടുപിന്നാലെയാണ് പ്രമുഖ അമേരിക്കന്‍ പത്രത്തിന്റെ വിമര്‍ശനം.

‘മോഡിയുടെ അപകടകരമായ മൗനം’ എന്ന തലക്കെട്ടോടെയാണ് പത്രം മുഖപ്രസംഗം എഴുതിയിരിക്കുന്നത്. രാജ്യത്ത് ക്രിസ്ത്യന്‍ പള്ളികള്‍ക്കുനേരെ നടന്ന ആക്രമണം മോഡി കണ്ടില്ലെന്ന് നടിച്ചെന്നും നിര്‍ബന്ധ മതപരിവര്‍ത്തനത്തിന് മോഡിയുടെ പിന്തുണയുണ്ടെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അക്രമങ്ങളെ കുറിച്ച് സംസാരിക്കാന്‍ എന്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി തയ്യാറാവാത്തതെന്നും എഡിറ്റോറിയല്‍ ചോദിക്കുന്നു.

ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അക്രമങ്ങളെ കുറിച്ച് ഇനിയെങ്കിലും വാ തുറക്കണമെന്നാണ് എഡിറ്റോറിയല്‍ ആവശ്യപ്പെടുന്നത്. ക്രിസ്ത്യന്‍ പള്ളികള്‍ക്കുനേരെയുണ്ടാവുന്ന ആക്രമണങ്ങള്‍, ഘര്‍ വാപസി, മാര്‍ച്ചില്‍ വി.എച്ച്.പി പ്രഖ്യാപിച്ച മതപരിവര്‍ത്തന പരിപാടി എന്നിവയുടെ പശ്ചാത്തലത്തിലാണ് എഡിറ്റോറിയല്‍.

പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുമ്പോല്‍ ഇന്ത്യയുടെ വികസനത്തെക്കുറിച്ച് മോഡി ചില മോഹനവാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞമാസം ഡല്‍ഹിയിലെ റിപബ്ലിക് ദിന ചടങ്ങിനോടനുബന്ധിച്ച് നടന്ന പ്രസംഗത്തില്‍ ഒബാമ പറഞ്ഞതുപോലെ, വര്‍ഗീയത ഇല്ലാതാക്കിയാലേ ഇന്ത്യക്ക് വിജയം കൈവരിക്കാനാകു. മോഡി, മതപരമായ അസഹിഷ്ണുതയെക്കുറിച്ചുള്ള മൗനം ലംഘിക്കണം എന്നുപറഞ്ഞുകൊണ്ടാണ് പത്രം മുഖപ്രസംഗം അവസാനിപ്പിക്കുന്നത്.

Top