ഫെബ്രുവരിയില്‍ ലോട്ടറി ബന്ദ്

കൊച്ചി: കേരള ഭാഗ്യക്കുറി വില്‍പ്പനയ്ക്ക് 12% സേവന നികുതി ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി രണ്ടിനു കേരള ഭാഗ്യക്കുറി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ലോട്ടറി ബന്ദ് നടത്തും. അന്നു നറുക്കെടുക്കുന്ന വിന്‍വിന്‍ ലോട്ടറി ബഹിഷ്‌കരിക്കുന്ന ഏജന്റുമാരും വില്‍പ്പനക്കാരും സെക്രട്ടേറിയറ്റിലേക്കും ജില്ലാ കേന്ദ്രങ്ങളിലേക്കും മാര്‍ച്ച് നടത്തി ലോട്ടറി കൊണ്ട് കേരളം തീര്‍ക്കും.
ഭാഗ്യക്കുറി സമ്മാനഘടന അടിയന്തരമായി പരിഷ്‌കരിക്കണമെന്ന് എറണാകുളത്തു ചേര്‍ന്ന കേരള ലോട്ടറി സംരക്ഷണ സമിതി സംസ്ഥാന കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. വൃദ്ധരും വികലാംഗരുമായ നാലരലക്ഷത്തോളം പാവപ്പെട്ടവരുടെ തൊഴിലാണ് ഇതുമൂലം നഷ്ടമാകുന്നത്. പ്രതിദിനം 85 ടിക്കറ്റുകള്‍ വില്‍ക്കുന്നവര്‍ പോലും സേവന നികുതിയടക്കണമെന്നാണു പുതിയ നയം.
സമ്മാനഘടന പരിഷ്‌കരിക്കാമെന്നു മന്ത്രി ഉറപ്പുനല്‍കി ഏഴു മാസങ്ങള്‍ പിന്നിട്ടിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ല. 56 ലക്ഷം ടിക്കറ്റ് വിറ്റഴിഞ്ഞാലും 6000ല്‍ താഴെ ആളുകള്‍ക്കു മാത്രമാണ് സമ്മാനം കിട്ടുന്നത്. വിറ്റുവരവിന്റെ 50 ശതമാനം സമ്മാനമായി നല്‍കണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

Top