ഫേസ്ബുക്ക് ആളുകള്‍ക്ക് മടുക്കുന്നു; സ്‌നാപ് ചാറ്റിന് പ്രിയമേറുന്നുവെന്ന് പഠന റിപ്പോര്‍ട്ട്

ഫേസ്ബുക്ക് ആളുകള്‍ക്ക് മടുത്തു തുടങ്ങിയെന്നും സ്‌നാപ്ചാറ്റ് പോലുള്ള സേവനങ്ങള്‍ തേടിപോകാന്‍ തുടങ്ങിയെന്നും റിപ്പോര്‍ട്ടുകള്‍. സംതൃപ്തി നല്‍കുന്ന ആശയവിനിമയത്തിനു ഏറ്റവും മികച്ചത് സ്‌നാപ്ചാറ്റാണെന്നാണ് അടുത്തിടെ നടന്ന പഠനം വ്യക്തമാക്കുന്നത്.

ഫേസ്ബുക്കിനേക്കാളും മികച്ച സംതൃപ്തി സ്‌നാപ്ചാറ്റ് നല്‍കുന്നുവെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്. മിച്ചിഗാന്‍ സര്‍വ്വകലാശാലയാണ് പുതിയ പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

കുറഞ്ഞസമയത്തിനായി ഉള്ളടക്കങ്ങള്‍ പോസ്റ്റ് ചെയ്യാനുള്ള ഇടമാണ് സ്‌നാപ്ചാറ്റ്. അടുത്ത സുഹൃത്തുക്കളുമായി ഇടപ്പെടാന്‍ വേണ്ടിമാത്രമാണ് കൂടുതല്‍ പേരും സ്‌നാപ്ചാറ്റ് ഉപയോഗിക്കുന്നത്. എന്നാല്‍ ഫേസ്ബുക്ക് ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്.

പിറന്നാള്‍, കല്യാണം, അവാര്‍ഡ് സ്വീരണം തുടങ്ങി വലിയ സന്ദര്‍ഭങ്ങളാണ് മിക്കവരും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നത്. എന്നാല്‍ സ്‌നാപ്ചാറ്റില്‍ ജീവിതത്തിലെ ചെറിയ നിമിഷങ്ങളാണ് പ്രധാനമായും പങ്കുവയ്ക്കുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്ന 154 കോളേജ് വിദ്യാര്‍ഥികളെ ഉപയോഗിച്ചാണ് പഠനം നടത്തിയത്.

Top