ന്യൂഡല്‍ഹി : ന്യൂയോര്‍ക് കേന്ദ്രമായ ഫോര്‍ഡ് ഫൗണ്ടേഷന് ഇന്ത്യയിലെ സന്നദ്ധ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും ധനസഹായം നല്‍കുന്നതിന് മുന്‍കൂട്ടി അനുമതി വാങ്ങണമെന്ന നിബന്ധന കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കുന്നു.
മുന്‍കൂര്‍ അനുമതി വാങ്ങേണ്ട വിദേശ സംഘടനകളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഫോര്‍ഡ് ഫൗണ്ടേഷന് അപേക്ഷ നല്‍കിയിരുന്നു.
ആഭ്യന്തര സെക്രട്ടറി ജി.സി. ഗോയല്‍, ആഭ്യന്തര മന്ത്രാലയ അഡീഷനല്‍ സെക്രട്ടറി ബി.കെ പ്രസാദ് എന്നിവരുമായി പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര ഇക്കാര്യത്തില്‍ കൂടികാഴ്ച നടത്തി.
ഫോര്‍ഡ് ഫൗണ്ടേഷനെതിരായ നടപടി അമേരിക്കയെ ചൊടിപ്പിച്ച പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ടത്. ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍ റിച്ചാര്‍ഡ് രാഹുല്‍ വര്‍മ ഈയിടെ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറെ സമീപിച്ചിരുന്നു.
ഏപ്രില്‍ മുതലാണ് ഫോര്‍ഡ് ഫൗണ്ടേഷന് നിയന്ത്രണം വന്നത്. ഈ അമേരിക്കന്‍ സ്ഥാപനം ഇന്ത്യയിലെ സ്ഥാപനങ്ങള്‍ക്ക് പണം നല്കണമെങ്കില് ഇപ്പോള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി തേടണം.