ഫ്ലിപ്പ്കാര്‍ട്ടും സ്നാപ് ഡീലും ഒറ്റദിവസത്തില്‍ ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ നേടിയത് ലോക റെക്കോഡ്. 600 കോടി വീതമാണ് ഇരു കമ്പനിയും ഒക്ടോബര്‍ 6ന് നടത്തിയ പ്രത്യേക ഓഫര്‍ കച്ചവടത്തിലൂടെ നേടിയത്. ഇന്ത്യന്‍ ഓണ്‍ലൈന്‍ വിപണിയുടെ കുതിച്ചു ചാട്ടമാണ് ഇന്നലെ പ്രകടമായ വില്‍പ്പന.
10 മണിക്കൂറിനുള്ളില്‍ 100 മില്യണ്‍ അഥവ 600 കോടി രൂപയ്ക്കുള്ള പ്രോഡക്ട് വിറ്റെന്നാണ് ഫ്ലിപ്പ്കാര്‍ട്ട് അധികൃതര്‍ പറയുന്നത്. സ്നാപ്പ് ഡീല്‍ 2 മിനുട്ടില്‍ 1കോടി രൂപയുടെ സാധനങ്ങള്‍ വിറ്റെന്നാണ് അവകാശപ്പെടുന്നത്.
ഇന്നലെ ഫ്ളിപ്പ്കാര്‍ട്ടിന്റെ മെഗാവില്പ്പന ബിഗ് ബില്യണ്‍ ഡേക്കൊടുവില് കമ്പനിയുടെ വെബ്സൈറ്റ് തകര്‍ന്നിരുന്നു. വന്‍ വിലക്കിഴിവില്‍ നടത്തിയ വില്‍പ്പനയില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനായി വലിയ രീതിയില്‍ ഉപഭോക്താക്കള്‍ പ്രവേശിച്ചതാണ് വെബ്സൈറ്റ് തകരാന്‍ കാരണം. രാവിലെ എട്ടു മണിക്ക് ആരംഭിച്ച വില്‍പ്പന രണ്ടു മണിയായപ്പോഴേക്കും കമ്പനിക്ക് നിര്‍ത്തേണ്ടി വന്നു.
കഴിഞ്ഞ രണ്ടുമൂന്നു ആഴ്ചയായി വന്‍ പരസ്യ കോലാഹലങ്ങളാണ് ഇന്നത്തെ വില്‍പ്പനയ്ക്കായി ഫ്ളിപ്പ്കാര്‍ട്ട് അഴിച്ചുവിട്ടത്. ക്രേസി ഡീല്‍ എന്ന പേരില്‍ വന്‍ പരസ്യങ്ങളിലൂടെയാണ് വില്‍പ്പന. ഗൃഹോപകരണങ്ങള്‍, പുസ്തകങ്ങള്‍, കളിപ്പാട്ടങ്ങള്‍, മൊബൈല്‍, ലാപ്ടോപ്പ്, തുടങ്ങി 70 വിഭാഗങ്ങളിലായിരുന്നു വില്‍പ്പന.ഒരു രൂപ മുതലായിരുന്നു ഉല്‍പ്പന്നങ്ങളുടെ വില.
സാംസങ് ഗാലക്സി ടാബ് ടൂ 13900 ത്തിന് പകരം 1390 രൂപയ്ക്ക് നല്കി. എല്‍ജിയുടെ 32 ഇഞ്ച് എല്‍.ഇ.ഡി ടിവി 26990 ന് പകരം 14900 രൂപയ്ക്ക് ലഭിച്ചു. 90 ശതമാനം വരെ വിലക്കുറവിലാണ് കമ്പനിയുടെ വില്‍പ്പനകള്‍. ഉല്‍പ്പന്നം എത്രയും വേഗം ഉപഭോക്താവിലെത്താന്‍ 10,000 ജീവനക്കാരേയും സജ്ജരാക്കിയിരുന്നു.
ഫ്ളാറ്റ് നമ്പര്‍ 610 ല്‍ നിന്നുമാണ് സച്ചിന് ബന്‍സാലും ബിന്നി ബന്‍സാലും ഫ്ളിപ്കാര്‍ട്ട് പടുത്തുയര്‍ത്തിയത്. ആ ഓര്‍മയിലാണ് വമ്പന്‍ വില്‍പ്പനയ്ക്കായി ഇന്നത്തെ ദിവസം കമ്പനി തിരഞ്ഞെടുത്തത്.