ന്യൂഡല്‍ഹി: ബംഗലുരു സ്‌ഫോടനക്കേസ് പ്രതി മഅദനിയുടെ വിചാരണ വൈകുന്നതില്‍ കര്‍ണാടക സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം.
പ്രത്യേക കോടതി രൂപീകരിക്കുന്നതിന് തടസമെന്തെന്നും സുപ്രീംകോടതി ചോദിച്ചു. വിഷയത്തില്‍ രണ്ടാഴ്ചക്കകം വിശദീകരണം നല്‍കാനും കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.
കേസിന്റെ വിചാരണ പരപ്പന അഗ്രഹാര ജയിലിലെ കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് മഅദനി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു സര്‍ക്കാരിനെതിരായ കോടതിയുടെ വിമര്‍ശനം.
നിലവില്‍ എന്‍.ഐ.എ കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഇവിടെ നടപടികള്‍ മന്ദഗതിയിലാണെന്നും വിചാരണ ഉടനൊന്നും തീരാത്ത സ്ഥിതിയാണെന്നും മഅദനി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.
ജസ്റ്റീസുമാരായ ജസ്തി ചെലമേശ്വര്‍, അഭയ് മനോഹര്‍ സാപ്രെ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. വിചാരണ ബംഗളൂരു എന്‍.ഐ.എ കോടതിയില്‍ നിന്നും പരപ്പന അഗ്രഹാര ജയിലിലെ കോടതിയിലേക്ക് മാറ്റണമെന്നും അതല്ലെങ്കില്‍ ജാമ്യ വ്യവസ്ഥയില്‍ ഇളവ് ചെയ്ത് കേരളത്തില്‍ തങ്ങാന്‍ അനുവദിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
ജയിലിലെ കോടതിയില്‍ കേസുകള്‍ കുറവാണ്. ഈ സാഹചര്യത്തില്‍ ജയിലിലെ കോടതിക്ക് എന്‍.ഐ.എ കോടതിയുടെ അധിക ചുമതല നല്‍കി വിചാരണ വേഗത്തിലാക്കണമെന്നും ഹര്‍ജിയില്‍ മഅദനി ആവശ്യപ്പെടുന്നു. സാക്ഷി വിസ്താരം അധികൃതര്‍ മനപ്പൂര്‍വ്വം കാലതാമസം വരുത്തുകയാണെന്നും ആരോപിക്കുന്നുണ്ട്.
മഅദനിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചെങ്കിലും ബംഗളൂരു വിട്ടുപോകാന്‍ അനുമതി നല്‍കിയിട്ടില്ല. ബംഗളൂരുവിലെ സൗഖ്യ ആശുപത്രിയില്‍ ചികിത്സയിലാണ് മഅദനിയിപ്പോള്‍.