ബംഗളൂരു: ബംഗളൂരു-എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസിന്റെ ബോഗികള്‍ പാളം തെറ്റി ആറ് മലയാളികള്‍ ഉള്‍പ്പെടെ പത്തു പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്നു രാവിലെ 7.48 ന് ബംഗളൂരു ആനേയ്ക്കലിനു സമീപമായിരുന്നു അപകടം. എസി ഉള്‍പ്പെടെ ഒമ്പത് ബോഗികള്‍ പാളം തെറ്റി. ഡി 8 കോച്ച് പൂര്‍ണമായും തകര്‍ന്നു. മരിച്ചവരില്‍ ശര്‍മിളി, മകന് അമന് (9), ഇട്ടീര ആന്റണി (57) എന്നിവരെ തിരിച്ചറിഞ്ഞു. പാളത്തില്‍ പാറക്കല്ല് വീണതാണ് അപകടകരാണമെന്ന് റെയില്‍വേ മന്ത്രി മഹേഷ് പ്രഭു അറിയിച്ചു.
വലിയ വളവുള്ള ഭാഗത്ത് പാന്‍ട്രികാര്‍ മുന്നിലുള്ള ബോഗിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പാന്ട്രികാറിന്റെ പകുതിഭാഗം മുന്നിലുള്ള ബോഗിയുടെ മുകളിലേക്ക് ഇടിച്ചുകയറി.
നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് ബോഗി വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. മരണ സംഖ്യ ഉയര്‍ന്നേക്കാമെന്ന് ആശങ്കയുണ്ട്. ബംഗളൂരുവില്‍ നിന്ന് രാവിലെ ആറിനാണ് ട്രെയിന്‍ പുറപ്പെട്ടത്.
ഗതാഗതമന്ത്രി ആര്യാടന് മുഹമ്മദിനോട് അപകടസ്ഥലത്തേക്ക് പോകാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.