ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഫെതായ് ചുഴലിക്കാറ്റ് ഒഡീഷയിലേക്ക്

ഒഡീഷ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഫെതായ് കിഴക്കന്‍ ഗോദാവരി ജില്ലയിലെ കാകിനാഡയില്‍നിന്ന് 40 കിലോമീറ്റര്‍ അകലെ യാനത്തിനടുത്ത് കത്രേനികോനയ്ക്ക് സമീപം ആഞ്ഞുവീശി.

ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ ആന്ധ്രതീരത്തെ കിഴക്കന്‍ ഗോദാവരി, പടിഞ്ഞാറന്‍ ഗോദാവരി, വിശാഖപട്ടണം, ശ്രീകാകുളം, കൃഷ്ണ, ഗുണ്ടൂര്‍ ജില്ലകളില്‍ കനത്തമഴയും ശക്തമായ കാറ്റുമുണ്ടായി. 60,000 ഏക്കര്‍ കൃഷി നശിച്ചതായാണ് റിപ്പോര്‍ട്ട്.

വൈദ്യുതിത്തൂണുകള്‍ ഒടിഞ്ഞ് മിക്കയിടത്തും വൈദ്യുതിവിതരണം തകരാറിലായി. പല റോഡുകളിലും മരങ്ങള്‍വീണ് ഗതാഗതം തടസ്സപ്പെട്ടു. തീരദേശത്തുള്ള ഒട്ടേറെ വീടുകളും തകര്‍ന്നു.

മുന്നറിയിപ്പ് കണക്കിലെടുക്കാതെ കടലില്‍ പോയ ചില ബോട്ടുകള്‍ കാണാനില്ലെന്നും റിപ്പോര്‍ട്ടുണ്ട്. മുന്‍കരുതലായി ആറായിരത്തിലേറെപ്പേരെ തീരപ്രദേശത്തുനിന്നും മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. രണ്ടുദിവസം മുമ്പാണ് ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് രൂപംകൊണ്ടത്. അത് പിന്നീട് ഫെതായ് ചുഴലിക്കാറ്റായി തീവ്രതയാര്‍ജിച്ച് ആന്ധ്രാ തീരത്തേക്കു നീങ്ങുകയായിരുന്നു.

Top