ബംഗ്ലാദേശിനെതിരെ വന്‍ ജയം ലക്ഷ്യമിട്ട് ശ്രീലങ്ക

മെല്‍ബണ്‍: ബംഗ്ലാദേശിനെതിരെ വലിയ മാര്‍ജിനില്‍ കുറഞ്ഞ ജയം ശ്രീലങ്ക ലക്ഷ്യമിടുന്നില്ല. പൂള്‍ എയില്‍ ഒരു ജയവും ഒരു തോല്‍വിയുമാണ് ലങ്കയുടെ പ്രകടനം. മൂന്നാം മത്സരം ജയിച്ച് പോയിന്റ് ടേബിളില്‍ നില മെച്ചപ്പെടുത്തേണ്ടതുണ്ട് മുന്‍ ചാമ്പ്യന്‍മാര്‍ക്ക്. ആദ്യ മത്സരത്തില്‍ ന്യൂസിലാന്‍ഡിനോട് തോറ്റ ഏഞ്ചലോ മാത്യൂസിന്റെ ടീം ദുര്‍ബലരെന്ന് കരുതിയ അഫ്ഗാനിസ്ഥാനോട് വിയര്‍ത്താണ് ജയിച്ചത്. ടൂര്‍ണമെന്റില്‍ മുന്നോട്ടുള്ള പ്രയാണത്തിന് ലങ്കക്ക് ആദ്യം വേണ്ടത് ആത്മവിശ്വാസമാണ്.

ബംഗ്ലാദേശിനെതിരെ വന്‍ മാര്‍ജിനില്‍ ജയിച്ചാല്‍ ടീമിനതൊരു പുത്തനുണര്‍വാകും. ഏറെ പ്രതീക്ഷയര്‍പ്പിച്ച ബാറ്റിംഗ് നിര ഇനിയും ഉണര്‍ന്നിട്ടില്ലെന്നതാണ് ലങ്ക നേരിടുന്ന വെല്ലുവിളി. സൂപ്പര്‍ ബാറ്റ്‌സ്മാന്‍ കുമാര സങ്കക്കാരയും തിലകരത്‌നെ ദില്‍ഷനും റണ്‍സ് കണ്ടെത്താന്‍ വിഷമിക്കുകയാണ്. പേസ് നിരയില്‍ ലസിത് മലിംഗയുടെ അഭാവം എത്രമാത്രം വലുതാണെന്ന് അവര്‍ തിരിച്ചറിയുന്നുണ്ട്. അഫ്ഗാനെ തോല്‍പ്പിക്കുകയും ആസ്‌ത്രേലിയയോട് തോല്‍ക്കുകയും ചെയ്ത ബംഗ്ലാദേശ് അട്ടിമറിക്ക് കോപ്പ് കൂട്ടുന്നു. ലങ്കയെ വീഴ്ത്തിയാല്‍ ഞങ്ങള്‍ക്ക് ക്വാര്‍ട്ടറിലെത്താം – സിംബാബ്‌വെക്കാരനായ ബംഗ്ലാദേശിന്റെ ബൗളിംഗ് കോച്ച് ഹീത്ത് സ്ട്രീക്ക് പറയുന്നു. ഇതിനിടെ, അച്ചടക്കലംഘനത്തെ തുടര്‍ന്ന് പേസര്‍ അല്‍ അമിന്‍ ഹുസൈനെ നാട്ടിലേക്ക് മടക്കിയ ബംഗ്ലാദേശ് ടീം മാനേജ്‌മെന്റ് ഷഫിയുല്‍ ഇസ്‌ലമിനെ ടീമിലുള്‍പ്പെടുത്തി.

Top