സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ട് കേന്ദ്ര ബജറ്റ്; ആദായ നികുതിയില്‍ മാറ്റമില്ല

ന്യൂഡല്‍ഹി: ആദായ നികുതി ഉയര്‍ത്താതെ സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ടുകൊണ്ടുള്ള നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ആദ്യസമ്പൂര്‍ണ ബജറ്റ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ലോക്‌സഭയില്‍ അവതരിപ്പിച്ചു. രാജ്യം സാമ്പത്തിക വളര്‍ച്ചയുടെ പാതയിലെന്നും സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്കായി സുപ്രധാന നടപടികള്‍ സ്വീകരിക്കുന്നുവെന്നും ബജറ്റ് അവതരണത്തില്‍ ആമുഖമായി ധനമന്ത്രി പറഞ്ഞു. വരുന്ന സാമ്പത്തിക വര്‍ഷം 7.4 വളര്‍ച്ചാ നിരക്കാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു.

സബ്‌സിഡി നഷ്ടം ഇല്ലാതാക്കുകയാണ്‌ സര്‍ക്കാര്‍ ലക്ഷ്യം. 2017ല്‍ ധനക്കമ്മി മൂന്ന് ശതമാനമായി കുറയ്ക്കും. കാര്‍ഷിക ജലസേചനത്തിന് 5,200 കോടി. യുപിഎ സര്‍ക്കാര്‍ ആരംഭിച്ച തൊഴിലുറപ്പ് പദ്ധതി തുടരും. ഗ്രാമങ്ങളിലെ അടിസ്ഥാന സൗകര്യവികസനത്തിന് 25,000 കോടി. ചെറുകിട സംരഭകര്‍ക്കായി പ്രത്യേക ബാങ്ക് തുടങ്ങും. പാങ്കാളിത്ത പദ്ധതികളില്‍ പൊതുനിക്ഷേപം കൂട്ടണമെന്ന് ജെയ്റ്റ്‌ലി ബജറ്റ് അവതരണത്തില്‍ അറിയിച്ചു.

സാധാരണക്കാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിന് പ്രാധാന്യം നല്‍കും. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ധനക്കമ്മി ഒരു ശതമാനത്തില്‍ താഴെയാണുള്ളത്. നാണ്യപ്പെരുപ്പം പിടിച്ചു നിര്‍ത്താനായി. 5.1ശതമാനമാണ് നാണ്യപ്പെരുപ്പം. രൂപ ശക്തി പ്രാപിച്ചതായും അദ്ദേഹം ബജറ്റില്‍ വ്യക്തമാക്കി.

പാവപ്പെട്ട മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക പദ്ധതി. 12 രൂപ വാര്‍ഷിക പ്രീമിയത്തില്‍ എല്ലാവര്‍ക്കും രണ്ടു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്. വിദ്യാഭ്യാസമില്ലാത്തവര്‍ക്ക് പുതിയ തൊഴില്‍ പദ്ധതി നയീ മന്‍സില്‍ നടപ്പാക്കും. അടിസ്ഥാനസൗകര്യ വികസനത്തിന് 70,000 കോടിയുടെ കേന്ദ്ര ഫണ്ട്. സ്റ്റാര്‍ട്ട് അപ് പദ്ധതികള്‍ക്ക് 1,000 കോടി. പൊതുമേഖല തുറമുഖങ്ങള്‍ പങ്കാളിത്തത്തിലേയ്ക്ക്. അടിസ്ഥാന സൗകര്യ വികസനത്തിന് നികുതിരഹിത ബോണ്ട്. പുതിയ പദ്ധതികള്‍ക്ക് ഏകജാലക സംവിധാനം.

മുദ്രാ ബാങ്ക് സംരഭത്തിന് 20,000 കോടി. പദ്ധതികള്‍ വേഗത്തിലാക്കാന്‍ നിയമപരിഷ്‌കരണം. ജന്‍ ധന്‍ യോജന പോസ്റ്റ് ഓഫീസുകളിലേയ്ക്ക്. ഒന്നര ലക്ഷം പോസ്റ്റ് ഓഫീസുകള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. വ്യവസായ പുനരുദ്ധാരണത്തിന് പുതിയ സംവിധാനം ഏര്‍പ്പെടുത്തും. മുന്‍ പ്രധാനമന്ത്രി എ.ബി.വാജ്‌പേയിയുടെ പേരില്‍ പുതിയ പെന്‍ഷന്‍ പദ്ധതി. പ്രധാനമന്ത്രി സുരക്ഷ ഭീമ യോജന നടപ്പാക്കും.

കൂടംകുളം രണ്ടാം ഘട്ടം ഈ വര്‍ഷം കമ്മീഷന്‍ ചെയ്യും. കുട്ടികളുടെ സുരക്ഷയ്ക്ക് 500 കോടി. ഓഹരി വിപണി നിയന്ത്രണത്തിന് പുതിയ സംവിധാനം. എഫ്എംസി-എസ്ഇബിഐ ലയനം ഉടന്‍. 4,000 മെഗാവാട്ടിന്റെ നാല് വൈദ്യുത പദ്ധതികള്‍ തുടങ്ങും. ഇഎസ്‌ഐ, പിഎഫ് നിയമങ്ങളില്‍ ഭേദഗതി വരുത്തും.

കോര്‍പ്പറേറ്റ് നികുതി അഞ്ച് ശതമാനം കുറച്ചു. രാജ്യത്തുണ്ടാക്കുന്ന തുകല്‍ ചെരുപ്പിനു വില കുറയും. സാങ്കേതികസേവന നികുതി 15 ശതമാനം കുറച്ചു. സ്വച്ഛ് ഭാരത്, ഗംഗാ ശുചീകരണ പദ്ധതികളുടെ സംഭാവനകള്‍ക്ക് 100 ശതമാനം നികുതി ഇളവ് നല്കും.നികുതി ഉയര്‍ത്തിയതിനാല്‍ സിഗററ്റിനും പാന്‍മസാലകള്‍ക്കും വില കൂടും.

* സംസ്ഥാനങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തും.
* സ്വച്ഛ് ഭാരത്, മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതികള്‍ക്ക് ഊന്നല്‍.
* ജിഡിപി എട്ട് ശതമാനത്തില്‍ നിന്നും 8.5 ശതമാനമാക്കും.
* ഒരു ലക്ഷം കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കും.
* 2022 ഓടെ രാജ്യത്തെ എല്ലാ കുടുംബങ്ങള്‍ക്കും വീട്.
* അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍.
* 2016 ഏപ്രില്‍ മുതല്‍ ചരക്ക് സേവന നികുതി.
* സ്വച്ഛ് ഭാരത് പദ്ധതി വഴി രാജ്യത്ത് കൂടുതല്‍ കക്കൂസുകള്‍.
* ഗ്രാമ-നഗര വ്യത്യാസം ഇല്ലാതാക്കും. രാജ്യത്തെ ഉത്പാദന കേന്ദ്രമാക്കും.
* റിസര്‍വ് ബാങ്ക് നിയമഭേദഗതി വരും.
* സംസ്ഥാനങ്ങളുടെ നികുതി വിഹിതം 62 ശതമാനം ആക്കും.

Top