തിരുവനന്തപുരം: ബാറുടമ ബിജു രമേശ് തനിക്കെതിരേ ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ തള്ളി എക്സൈസ് മന്ത്രി കെ.ബാബു രംഗത്ത്. ബിജു രമേശ് പ്രതിപക്ഷത്തിന്റെ പ്രതിപക്ഷത്തിന്റെ കരുവാണെന്നു മന്ത്രി പറഞ്ഞു. തിരുവനന്തപുരത്തു വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷത്തെ കൂട്ടുപിടിച്ചു സര്‍ക്കാരിനെ താഴെയിറക്കാനാണു ബിജുവിന്റെ ശ്രമം. കഴിഞ്ഞ ഡിസംബര്‍ 15ന് ഒരു സിപിഎം എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാക്കളും ബിജു രമേശും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതു വ്യക്തമാക്കുന്ന ബിജു രമേശിന്റെ ശബ്ദരേഖയും മന്ത്രി പുറത്തുവിട്ടു. കഴിഞ്ഞ മാര്‍ച്ച് 10നു ബിജു രമേശ് വിളിച്ച ബിയര്‍-വൈന്‍ പാര്‍ലര്‍ ഉടമകളുടെ യോഗത്തില്‍ സര്‍ക്കാരിനെ താഴെയിറക്കണമെന്നു ബിജു പറയുന്നതിന്റെ ശബ്ദരേഖയാണു മന്ത്രി മാധ്യമങ്ങള്‍ക്കു മുന്നില്‍ കേള്‍പ്പിച്ചത്.
എന്നാല്‍ ഏത് സിപിഎം എംഎല്‍എയാണു ബിജുവുമായി കൂടിക്കാഴ്ച നടത്തിയതെന്നു വ്യക്തമാക്കാന്‍ മന്ത്രി തയാറായില്ല. ഇക്കാര്യം ബിജു രമേശിനോടു തന്നെ ചോദിക്കൂ എന്നും അദ്ദേഹം പറഞ്ഞില്ലെങ്കില്‍ വീണ്ടും നമുക്കു ചര്‍ച്ച ചെയ്യാമെന്നും മന്ത്രി വ്യക്തമാക്കി.
തനിക്കെതിരേ ബിജു ഉന്നയിച്ച ആരോപണങ്ങളില്‍ സത്യത്തിന്റെ ചെറിയ കണിക പോലുമില്ല. അഴിമതിയുടെ പുകമറ സൃഷ്ടിക്കാനാണു കഴിഞ്ഞ ആറു മാസമായി ബിജു ശ്രമിക്കുന്നത്. താന്‍ 10 കോടി രൂപ താന്‍ എവിടെവച്ച്, ആരോട്, ആവശ്യപ്പെട്ടുവെന്ന് ബിജു രമേശ് വ്യക്തമാക്കണം. കോഴ ആവശ്യപ്പെടുമ്പോള്‍ മറ്റാരെങ്കിലും അവിടെ ഉണ്ടായിരുന്നോ എന്നും മന്ത്രി ബാബു ചോദിച്ചു.
ബാര്‍ കേസില്‍ ഉപ്പു തിന്നവര്‍ വെള്ളം കുടിക്കുമെന്ന തന്റെ നിലപാടില്‍ യാതൊരു മാറ്റവുമില്ല. ബാറുകാരെ പ്രീണിപ്പിക്കുന്ന ഒരു നയവും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. താന്‍ മന്ത്രിയായിരുന്ന കാലത്താണു ബാറിന്റെ പ്രവര്‍ത്തന സമയം വെട്ടിക്കുറച്ചതെന്നും മദ്യപാനത്തിനെതിരേ ബോധവത്കരണ പരിപാടികള്‍ ശക്തമാക്കിയതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ബിജു രമേശ് ഒരുതവണ തന്നെ വീട്ടില്‍ വന്നു കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നെടുമങ്ങാട്ടെ ബിജുവിന്റെ ബാറിനു ലൈസന്‍സ് നല്കാന് അപേക്ഷയുമായിട്ടാണ് വന്നത്. എന്നാല്‍ ഇതുവരെ ബാറിനു ലൈസന്‍സ് നല്‍കിയിട്ടില്ല. സര്‍ക്കാരിന്റെ മദ്യനയം മൂലം കോടികളുടെ നഷ്ടമുണ്ടായ ബിജുവിനു തന്നോടു വൈരാഗ്യമാണ്. താന്‍ മന്ത്രിയായ ശേഷം ഒരു ലിറ്റര്‍ മദ്യംപോലും സ്വകാര്യ മേഖലയ്ക്ക് ഉദ്പാദിപ്പിക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്നും ബിജുവിന്റെ ആരോപണങ്ങള്‍ക്കെതിരേ വക്കീല്‍ നോട്ടീസ് ബുധനാഴ്ച അയയ്ക്കുമെന്നും മന്ത്രി വ്യക്തമാക്കി.