തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ മന്ത്രി കെ.എം മാണിക്കെതിരെ വിജിലന്‍സ് കേസെടുത്തു. മാണിയെ ഒന്നാം പ്രതിയാക്കി പൂജപ്പുര സ്പെഷല്‍ വിജിലന്‍സ് സെല്ലാണ് കേസെടുത്തത്. ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. കോഴത്തുകയില്‍ 50 ലക്ഷം രൂപ മാണിയുടെ വീട്ടില്‍ കൊണ്ട് ചെന്ന് കൈമാറി എന്നായിരുന്നു ഡ്രൈവറുടെ മൊഴി.
എസ്.പി സുകേശനാണ് അന്വേഷണ ചുമതല. കേസെടുത്ത കാര്യം നാളെ ഹൈക്കോടതിയെ അറിയിക്കും. മാണിക്കെതിരെ കേസെടുത്തില്ലെങ്കില്‍ നിയമപ്രശ്നങ്ങളുണ്ടാകുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോള്‍ ബുധനാഴ്ച ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ നേരില്‍ കണ്ട് അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നു രാവിലെ ഒന്‍പതരയോടെയാണ് വിജിലന്‍സ് ധനമന്ത്രിക്കെതിരെ കേസെടുത്തത്. അഴിമതി ആരോപണം വന്ന് 45 ദിവസത്തിനകം കേസെടുത്ത് അന്വേഷണം നടത്തണമെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം നിലനില്‍ക്കുന്നതിനാല്‍ ആഭ്യന്തരവകുപ്പിന് മാണിക്കെതിരെ കേസെടുക്കാതിരിക്കാന്‍ നിര്‍വാഹമില്ലാത്ത അവസ്ഥയായിരുന്നു.
ബാര്‍കോഴ ആരോപണത്തില്‍ മന്ത്രി മാണിയെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്യാമെന്ന് വിജിലന്‍സ് ഡിവൈ.എസ്.പി, ഡയറക്ടര്‍ക്ക് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. 29 പേരില്‍ നിന്നാണ് കേസ് അന്വേഷിച്ച ഡിവൈ.എസ്.പി സുരേഷ് കുമാര്‍ മൊഴിയെടുത്തത്.
ധനമന്ത്രിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിപക്ഷം സഭാ നടപടികള്‍ തടസ്സപ്പെടുത്തി വരികയാണ്. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെക്കുറിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്‍ മറുപടിയും പറഞ്ഞിരുന്നു. സംഭവം നടന്ന് 45 ദിവസം പൂര്‍ത്തിയായ സ്ഥിതിക്ക് ഇനിയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ കോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് വിധേയമാകുമെന്ന നിയമ ഉപദേശം സര്‍ക്കാരിന് ലഭിച്ചിരുന്നു. ധനമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലാണ് മാണി ഇപ്പോഴുള്ളത്.