ബാര്‍ കോഴ: മാധ്യമങ്ങളെ പഴിചാരി മാര്‍ ജോസഫ് പവ്വത്തിലിന്റെ ലേഖനം

കൊച്ചി: ബാര്‍ കോഴക്കേസില്‍ മാധ്യമങ്ങളെ പഴിച്ചും ധനമന്ത്രി കെ.എം. മാണിക്ക് പരോക്ഷ പിന്തുണ നല്‍കിയും ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവ്വത്തിലിന്റെ ലേഖനം. ‘ മാധ്യമങ്ങള്‍ ലക്ഷ്മണരേഖ കടക്കരുത്’ എന്ന തലക്കെട്ടില്‍ ദീപിക ദിനപത്രത്തിലാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. എന്നാല്‍, കെ.എം. മാണിയുടെ പേര് ലേഖനത്തില്‍ പരാമര്‍ശിച്ചിട്ടില്ല.

മാധ്യമക്കാര്‍ ആരോപണക്കാരും വിധിയാളന്മാരുമായി മാറുന്നത് ശരിയല്ലെന്നും ബാര്‍ കോഴക്കേസില്‍ ഇതോണോ സംഭവിക്കുന്നതെന്ന് പലരും ചോദിക്കുന്നുണ്ടല്ലോ എന്നും ലേഖനത്തില്‍ പറയുന്നു.

ശരിയായ തെളിവുകളില്ലാതെ ഒരു മനുഷ്യനെ തുടര്‍ച്ചയായി വേട്ടയാടുന്നതില്‍ എന്തോ അപാകതയുണ്ടെന്നാണ് അവര്‍ പറയുന്നത്. ജനാധിപത്യത്തില്‍ ആരോപണങ്ങളുടെ നിജസ്ഥിതി അന്വേഷിക്കാനും വിലയിരുത്താനും വിധി പറയാനുമെല്ലാം സംവിധാനങ്ങളുണ്ട്. കുറ്റം, കൃത്യമായി തെളിയിക്കുന്നതുവരെ ആരേയും കുറ്റവാളികളായി കരുതരുത്. പക്ഷെ, മാധ്യമങ്ങള്‍ക്ക് ഇങ്ങനെയുള്ള മാനദണ്ഡങ്ങളൊന്നും ഇല്ലെന്നുപറയാം. കുറ്റവിചാരണയും ശിക്ഷയും മാധ്യമങ്ങള്‍ ഏറ്റെടുക്കുന്നത് ശരിയാവില്ല. അത് ജനാധിപത്യവിരുദ്ധമാണ്.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുപരിധികള്‍ കണ്ടെത്താന്‍ മാധ്യമങ്ങള്‍ തന്നെ ശ്രദ്ധിക്കണം. അല്ലെങ്കില്‍ ഭരണകര്‍ത്താക്കള്‍ അതിരുകള്‍ നിര്‍ണയിക്കണം. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു പരിധിയില്ലെങ്കില്‍ പ്രതികരണ സ്വാതന്ത്ര്യവും അതിരുവിട്ടുപോകും. വിഗ്രഹഭഞ്ജനം പലര്‍ക്കുമൊരു ഹരമാണ്. മറ്റുള്ളവര്‍ പൂജ്യരായി കാണുന്നതിനെ അവഹേളിക്കുകയാണ് അവരുടെ ഇഷ്ടവിനോദമെന്നും ലേഖനത്തില്‍ പറയുന്നു.

Top