ബാര്‍ കോഴക്കേസ്; മാണിക്കെതിരെ ഗവര്‍ണര്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് കാനം

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കെ.എം. മാണിക്കെതിരെയുള്ള കോടതി വിധിയുടെ സാഹചര്യം മനസിലാക്കി ഗവര്‍ണര്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കെ.എം.മാണിയെ പുറത്താക്കിക്കൊണ്ട് തുടരന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ഇത്ര രൂക്ഷമായി കോടതി വിമര്‍ശിച്ചിട്ടും വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ ഒരു നടപടിയും ഇല്ല. ഒരു വിശദീകരണം പോലും സര്‍ക്കാര്‍ ചോദിച്ചില്ല. സത്യത്തിന്റെ മുഖം സ്വര്‍ണപാത്രം കൊണ്ട് മൂടി വച്ച വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്ല യാത്ര അയപ്പും നല്‍കിയേക്കും. എന്നാല്‍ സത്യം ജയിച്ചു എന്നു പറഞ്ഞ ഡി.ജി.പി ജേക്കബ് തോമസ് ഒരു വലിയ കുറ്റം ചെയ്ത പോലെയാണ് ചീഫ് സെക്രട്ടറി കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോടതി വിധി വന്നതിന്റെ തൊട്ടടുത്ത ദിവസം സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ തുടരന്വേഷണം പ്രഖ്യാപിച്ചത് എന്തിനു വേണ്ടിയാണെന്ന് ചിന്തിക്കുന്നവര്‍ക്ക് മനസിലാകും. എന്നാല്‍ മാണിക്കെതിരെ കോടതിവിധിയുണ്ടായ ശേഷം അതില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ഈ തീരുമാനനമെങ്കില്‍ ഇതെല്ലാം കേരളജനത കാണുന്നുണ്ടെന്ന് ആഭ്യന്തര വകുപ്പ് മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Top