കൊച്ചി: ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോളിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് കോടതി ഉത്തരവിന് അടിയന്തര സ്‌റ്റേ ആവശ്യപ്പെട്ട് വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ രൂക്ഷ വിമര്‍ശനം.
കേസില്‍ ഡയറക്ടര്‍ അധികാര പരിധി ലംഘിച്ചു. വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ കണ്ടെത്തലുകള്‍ മാറ്റിയെഴുതി. എസ്.പിയുടെ റിപ്പോര്‍ട്ടില്‍ ഡയറക്ടര്‍ ഇടപെട്ടത് വിജിലന്‍സ് മാന്വലിന് വിരുദ്ധമായെന്നും കോടതി നിരീക്ഷിച്ചു.
ബാര്‍ കേസില്‍ വിജിലന്‍സ് ഡയറക്ടര്‍ പുറത്തുനിന്നും നിയമോപദേശം തേടിയത് എന്തിനാണെന്ന് കോടതി ചോദിച്ചു. വിജിലന്‍സ് കോടതി നടത്തിയ നിരീക്ഷണങ്ങളില്‍ അപാകതയില്ലെന്ന് നിരീക്ഷിച്ച ഹൈക്കോടതി വിജിലന്‍സിനു വേണ്ടി ഹൈക്കോടതിയില്‍ എജി ഹാജരായതിനെയും ചോദ്യം ചെയ്തു.
വിജിലന്‍സ് കോടതി ഉത്തരവില്‍ അപ്പീലിനു പോകില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടും സര്‍ക്കാരിന്റെ ഭാഗമായ എജി എന്തിനു വിജിലന്‍സിനു വേണ്ടി ഹാജരായെന്നും കോടതി ആരാഞ്ഞു. ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് വിജിലന്‍സ് എഡിജിപി നല്‍കിയ ഹര്‍ജി ജസ്റ്റിസ് കമാല്‍പാഷ വിശദമായി പരിഗണിക്കാന്‍ തിങ്കളാഴ്ചത്തേക്കു മാറ്റി.