ബാര്‍ കോഴക്കേസ് ശരിയായി അന്വേഷിച്ചാല്‍ ഉമ്മന്‍ ചാണ്ടി കുടുങ്ങുമെന്ന് വിഎസ്

തിരുവനന്തപുരം: ബാര്‍ കോഴക്കേസ് ശരിയായി അന്വേഷിച്ചാല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കുടുങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. മാണിയെ മുഖ്യമന്ത്രി താലോലിച്ച് കൊണ്ടുനടക്കുന്നു. ഉമ്മന്‍ ചാണ്ടി മാണിയെ ന്യായീകരിക്കുന്നത് താനും കുടുങ്ങുമെന്ന് ഭയന്നാണെന്നും വിഎസ് പറഞ്ഞു.

മാണിക്കൊപ്പം കോഴ വാങ്ങിയ ആളാണ് മന്ത്രി കെ ബാബു. ബാബുവിനെതിരായ ആരോപണത്തില്‍ അന്വേഷണം വേണം.ബാബുവിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണം.ശരിയായ അന്വേഷണം നടന്നില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും വിഎസ് പറഞ്ഞു.

എക്‌സൈസ് മന്ത്രി കെ.ബാബു ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടറായിരുന്ന വിന്‍സന്‍ എം.പോളിനു താന്‍ കത്തു നല്കിയിരുന്നു. എന്നാല്‍ വിജിലന്‍സ് ഡയറക്ടര്‍ ബാബുവിനെ രക്ഷിക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്നും വിഎസ് ആരോപിച്ചു

Top