ബാഹുബലിയെ വെറുതെ വിട്ടവര്‍ ‘പുലിയെ’ ആക്രമിച്ചു; പിന്നില്‍ രാഷ്ട്രീയമെന്ന് ആക്ഷേപം

ചെന്നൈ: ആദായനികുതിവകുപ്പ് റെയ്ഡ് നടത്തി തമിഴ് സൂപ്പര്‍താരം വിജയിന്റെ പുതിയ സിനിമയായ പുലിയുടെ റിലീസിങ് തടഞ്ഞതിനു പിന്നിലെ ലക്ഷ്യം വിജയിന്റെ രാഷ്ട്രീയ രംഗപ്രവേശം തടയല്‍.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയില്‍ നിന്നും അകന്ന് തമിഴ് രാഷ്ട്രീയത്തില്‍ സ്വന്തമായി കാലുറപ്പിക്കാനുള്ള വിജയിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആദായവകുപ്പ് റെയ്ഡ് വഴി ശ്രമിച്ചതെന്നാണ് സിനിമാ ലോകത്തുയരുന്ന പരാതി.

പുലിയേക്കാള്‍ മുതല്‍മുടക്കുള്ള ബാഹുബലിയുടെ റിലീസിങ് വേളയില്‍ മിണ്ടാതിരുന്ന ആദായനികുതി വകുപ്പാണ് വിജയിന്റെ പുലിയുടെ റിലീസിങ് തടസപ്പെടുത്തിയിരിക്കുന്നത്.

വിജയിന്റെയും പുലിയുടെ സംവിധായകനും നിര്‍മാതാക്കള്‍ അടക്കമുള്ളവരുടെ വീടുകളില്‍ ഇന്നലെ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.

ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് റിലീസ് നീണ്ടുപോയത്. പുലര്‍ച്ചെ മുതല്‍ 11.30 വരെയുള്ള പ്രദര്‍ശനങ്ങളെല്ലാം മുടങ്ങി. കോടിക്കണക്കിന് രൂപയാണ് ഇതുവഴി നഷ്ടമായത്. നികുതിപ്പണം ഇന്നലെ രാത്രി തന്നെ അടച്ചിട്ടും പ്രദര്‍ശന ലൈസന്‍സ് നല്‍കാന്‍ വൈകിച്ചാണ് കേന്ദ്രം തമിഴ് സൂപ്പര്‍ താരത്തെ വരുതിയില്‍ നിര്‍ത്താന്‍ ശ്രമിച്ചത്.

ചിത്രത്തിന്റെ റിലീസ് വൈകുന്നതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്തെ തിയറ്ററുകള്‍ക്കു നേരെ ആരാധകര്‍ കല്ലെറിഞ്ഞു. തമിഴ്‌നാട്ടിലും വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്.

ആരാധകര്‍ അക്രമാസക്തമാകുമെന്ന് കണ്ടതോടെയാണ് വൈകിയാണെങ്കിലും ഇന്ന് തന്നെ അധികൃതര്‍ പ്രദര്‍ശനാനുമതി നല്‍കിയത്.

വിജയ് നായകനായ ‘പുലി’ സിനിമയുടെ നിര്‍മാണത്തിനു കണക്കില്‍പ്പെടാത്ത പണം ഉപയോഗിച്ചെന്നും നികുതി വെട്ടിപ്പു നടത്തിയെന്നുമുള്ള പരാതിയിലാണു വിജയ്‌യുടെ വീട്ടില്‍ പരിശോധന നടത്തിയത്.

118 കോടി രൂപ ചെലവിലാണു സിനിമ നിര്‍മിച്ചതെന്നു നിര്‍മാതാക്കള്‍ അവകാശപ്പെട്ടിരുന്നു. അതേസമയം ബാഹുബലി എന്ന ബിഗ് ബജറ്റ് സിനിമയുടെ കാര്യത്തില്‍ ഇന്‍കം ടാക്‌സിന്റെ ഈ ജാഗ്രതയൊന്നും കണ്ടതുമില്ല.

തമിഴ്‌നാട്ടില്‍ ശക്തമായ ആരാധകപിന്തുണയാണ് വിജയ്ക്കുളളത്. ഇളയ ദളപതി വിജയ് റസികര്‍ മണ്‍ട്രം ലക്ഷക്കണക്കിനാളുകളെ പങ്കെടുപ്പിച്ച് നേരത്തെ റാലിയും നടത്തിയിരുന്നു.

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതക്ക് ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാല്‍ അടുത്ത മുഖ്യമന്ത്രിയായി തമിഴ് സിനിമാ ലോകത്തുനിന്നും ഒരാള്‍ വരാനുള്ള സാധ്യതയാണ് തമിഴക രാഷ്ട്രീയത്തിലുള്ളത്.

രജനീകാന്തിന് രാഷ്ട്രീയ സ്വപന്ങ്ങളില്ലാത്തതിനാല്‍ ആരാധകരുടെ കരുത്തുള്ള വിജയ്ക്കാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ സാധ്യത കല്‍പ്പിക്കുന്നത്. തമിഴ്‌നാട്ടില്‍ ശക്തിതെളിയിക്കാനുള്ള കര്‍മ്മപരിപാടിയിലാണ് ബി.ജെ.പി. അതിനാലാണ് വിജയ്‌യെ ആദായനികുതി വകുപ്പ് റെയ്ഡില്‍ കുരുക്കിയതെന്നാണ് ആരോപണം. വിജയ്‌യിനെ വരുതിയില്‍ നിര്‍ത്തുന്നതിന് വേണ്ടിയാണ് ഈ നീക്കമത്രെ

പ്രത്യക്ഷത്തില്‍ റെയ്ഡിനെതിരെ പരാതി ഉയരാതിരിക്കാനാണ് നയന്‍താരയുടെ വീട്ടിലും പരിശോധന നടത്തിയത്. ലക്ഷ്യം വിജയ്‌യും പുലിയും തന്നെയാണെന്നാണ് തമിഴ് സിനിമാ ലോകം വിശ്വസിക്കുന്നത്.

ഉച്ചയോടെ പ്രദര്‍ശനമാരംഭിച്ച പുലിക്ക് വന്‍ വരവേല്‍പ്പാണ് പ്രേക്ഷകരുടെ അടുത്ത് നിന്ന് ലഭിക്കുന്നതെന്നാണ് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ട്.

Top