ബിജെപി പ്രവേശം; എല്ലാം കാത്തിരുന്ന് കാണാമെന്ന് സൗരവ് ഗാംഗുലി

കൊല്‍ക്കത്ത: താന്‍ ബിജെപിയില്‍ ചേരുമെന്ന വാര്‍ത്ത ഗാംഗുലി തള്ളിക്കളഞ്ഞെങ്കിലും അധികം താമസിയാതെ അത് സംഭവിച്ചേക്കുമെന്ന സൂചനയും ഗാംഗുലി നല്‍കി. കുറച്ചുകൂടി കാത്തിരുന്നാല്‍ എല്ലാം അറിയാന്‍ കഴിയും എന്നായിരുന്നു ഇതു സംബന്ധിച്ച ഗാംഗുലിയുടെ പ്രതികരണം.

കഴിഞ്ഞ വര്‍ഷം സ്വച്ഛ ഭാരത് അഭിയാന്‍ പദ്ധതിയില്‍ ഗാംഗുലിയുടെ പേരും മോഡി നിര്‍ദ്ദേശിച്ചതു മുതല്‍ ഗാംഗുലി അധികം താമസിയാതെ ബിജെപിയിലെത്തുമെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു.

ഗാംഗുലി ബിജെപിയില്‍ ചേരുന്നതായി ഹാര്‍ഷ് ഗോയങ്കെ ട്വീറ്റ് ചെയ്തതോടെയാണ് വിഷയം ചൂടു പിടിച്ചത്. ്ട്വീറ്റിനെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് ഗാംഗുലി വ്യക്തമാക്കിയിട്ടുണ്ട്.

ഗാംഗുലി ബിജെപിയില്‍ ചേരുന്നെന്ന വാര്‍ത്തയില്‍ സത്യമില്ലെന്നും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എന്ന നിലയില്‍ ഗാംഗുലിയോട് ബഹുമാനമുണ്ടെന്നും ബിജെപി നേതാവ് സിദ്ധാര്‍ത്ഥ് നാഥ് സിങ്ങ് പറഞ്ഞു.

അതേസമയം, ഗാംഗുലി ബിജെപിയില്‍ ചേരുകയാണെങ്കില്‍ അത് ബംഗാളില്‍ പാര്‍ട്ടിക്ക് ശക്തി പകരുമെന്ന് കേന്ദ്രമന്ത്രി ബാബുള്‍ സുപ്രിയോ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തേ ഈ കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം കൂടി ചേര്‍ത്തു വായിക്കുമ്പോള്‍ അധികം താമസിയാതെ തന്നെ ഗാംഗുലി ബിജെപി കൂടാരത്തിലെത്തുമെന്നാണ് സൂചന.

മുതിര്‍ന്ന ബിജെപി നേതാക്കള്‍ ഗാംഗുലിയുമായി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പശ്ചിമ ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന അമിത് ഷായുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഗാംഗുലി പാര്‍ട്ടിയില്‍ ചേര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. അടുത്തയാഴ്ച അമിത് ഷാ ബംഗാള്‍ സന്ദര്‍ശിക്കുന്നുണ്ട്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള ബിജെപിയുടെ ആവശ്യം ഗാംഗുലി തള്ളിയിരുന്നു. കായിക മന്ത്രിസ്ഥാനവും ബിജെപി ഗാംഗുലിയ്ക്ക് വാഗ്ദാനം ചെയ്തിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ബംഗാളില്‍ രണ്ട് സീറ്റ് നേടിയതിന് പുറമേ നേടിയ വോട്ടുകളുടെ എണ്ണത്തിലും വന്‍ വര്‍ധന നേടിയിരുന്നു.

Top